കുന്നത്തൂരില്‍ വിവിധ സ്ഥലങ്ങളില്‍ തീപിടുത്തം
ശാസ്താംകോട്ട: കുന്നത്തൂരില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. നെടിയവിള ജങ്ഷനിലെ അക്ഷയ കേന്ദ്രവും ബേക്കറിയും കത്തിനശിച്ചു. അക്ഷയ കേന്ദ്രത്തിലെ എല്‍.സി.ഡി കംപ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷിന്‍, കൗണ്ടറുകള്‍, ഫര്‍ണിഷിങ്, ബേക്കറിയിലെ ഫ്രിഡ്ജ്, ഫ്രീസര്‍ അടക്കമുള്ളവ പൂര്‍ണമായും കത്തിനശിച്ചു.
ഒന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. അക്ഷയ കേന്ദ്രവും തൊട്ടുചേര്‍ന്ന ബേക്കറിയുമാണ് കത്തിയമര്‍ന്നത്. ഇതിനു സമീപമുള്ള ഫുട്‌വെയര്‍ ഷോപ്പിലേക്ക് തീ പടര്‍ന്നെങ്കിലും നാശമുണ്ടായില്ല.
കുന്നത്തൂര്‍ പടിഞ്ഞാറ് കല്ലൂര്‍ കിഴക്കതില്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരു സ്ഥാപനങ്ങളും. ശനിയാഴ്ച അര്‍ധ രാത്രിയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. എന്നാല്‍ തീ ആളിപടരാതെ പുക മാത്രമായിരുന്നതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ഇന്നലെ പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയ ഏജന്റ് മാതിരംപിള്ളില്‍ രാജഗോപാലാണ് സംഭവം നാട്ടുകാരെയും ഉടമയെയും അറിയിച്ചത്.
പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കുകയായിരുന്നു. ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തില്‍ പൊലിസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തം ഉണ്ടായതെന്നാണ് അധികൃതരുടെ നിഗമനം.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് സ്ഥലത്തെത്തും.
മൈനാഗപ്പള്ളി പുത്തന്‍ചന്തയ്ക്കു സമീപം കശുവണ്ടി ഫാക്ടറിയുടെ എതിര്‍വശത്തെപുരയിടത്തിലുണ്ടായ തീപിടുത്തത്തില്‍ പ്രദേശം മുഴുവന്‍ കത്തി നശിച്ചു.
തീ പടര്‍ന്നു പിടിച്ചതെങ്ങനെയെന്ന് അറിവായിട്ടില്ല. തലനാരിഴയ്ക്കാണ് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടര്‍ന്നു പിടിയ്ക്കാതിരുന്നത്.
ഇതു മൂലം വന്‍ അപകടം ഒഴിവാക്കുകയായിരുന്നു. തീ അണയ്ക്കുന്നതിനു അസി. സ്റ്റേഷന്‍ ഓഫിസര്‍ ജി. വേണുഗോപാല്‍ ലീഡിങ് ഫയര്‍മാന്മാരായ ശ്രീകുമാര്‍, രമേശ് ചന്ദ്ര, മോഹന ബാബു നേതൃത്വം നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."