സ്ഥാപനങ്ങള്‍ കൈയൊഴിയുന്നു; സഊദിയില്‍ കടമുറികളുടെ വാടക 30 ശതമാനം കുറഞ്ഞു
ജിദ്ദ: സ്ഥാപനങ്ങള്‍ കൈയൊഴിയുന്ന പ്രവണത വര്‍ധിച്ചതോടെ കട മുറികളുടെ വാടക 30 ശതമാനം കുറഞ്ഞു. സ്ഥാപനങ്ങള്‍ കൈയൊഴിയുന്നവരുടേയും മുറികള്‍ വാടകക്ക് നല്‍കുന്നവരുടേയും പരസ്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കട മുറികളുടെ വാടക കുറഞ്ഞത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധന്‍ അബ്ദുറഹ്മാന്‍ അല്‍കനാനി പറഞ്ഞു.
തൊഴില്‍ വിപണിയിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലം അനുകൂലമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. വാടക കുറയുന്നതോടെ വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെയും മുറികളുടെയും വാടക കുറയുന്നത് ഇത്തരം കെട്ടിടങ്ങള്‍ കൂടുതലായി നിര്‍മിക്കുന്ന പ്രവണതക്ക് തടയിടുകയും നിക്ഷേപകര്‍ പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് തിരിയുകയും ചെയ്യും.
പ്രാദേശിക വിപണിയില്‍ സന്തുലനമുണ്ടാക്കുന്നതിനും സ്വന്തം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് സൗദികളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലെ വ്യാപാര സ്ഥാപനങ്ങളില്‍ 50 ശതമാനത്തോളം അടച്ചുപൂട്ടണം. വിദേശികള്‍ക്കുള്ള ലെവി കൂടുതല്‍ ഉയര്‍ത്തുന്നതിനാല്‍ അടുത്ത വര്‍ഷവും വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെയും മുറികളുടെയും വാടക കുറയുന്ന പ്രവണത തുടരുമെന്നാണ് കരുതുന്നതെന്ന് അബ്ദുറഹ്മാന്‍ അല്‍കനാനി പറഞ്ഞു.
സാമ്പത്തിക മാന്ദ്യമാണ് വാടക കുറയാന്‍ കാരണമെന്ന് തായിഫ് യൂനിവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. സാലിം ബാഅജാജ പറഞ്ഞു. വാടകയും കെട്ടിടങ്ങളുടെ വിലയും 50 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വാടക ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് തായിഫ് വാണിജ്യ മന്ത്രാലയ ശാഖാ മുന്‍ ഡയറക്ടര്‍ മസ്ഊദ് അല്‍ഖുഥാമി പറഞ്ഞു. തൊഴിലില്ലായ്മ വര്‍ധിച്ചതിനാല്‍ മുറികള്‍ വാടകക്കെടുത്ത് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവരുടെ എണ്ണം കൂട്ടുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."