കൃഷി വകുപ്പിന്റെ ഭൂമി ഏറ്റെടുക്കല്‍ മന്ദഗതിയില്‍
അമ്പലവയല്‍: വില്ലേജിലെ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ ഭാഗമായ ഫാം പ്രവര്‍ത്തിക്കുന്ന 182 ഏക്കര്‍ ഭൂമി കൃഷി ഏറ്റെടുക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കത്തിനു മന്ദഗതി.
പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാം കൃഷി വകുപ്പിന്റെ അധീനതയിലാക്കി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികളാണ് എങ്ങുമെത്താത്തത്. 2016 ഡിസംബര്‍ 23ന് ചീങ്ങേരിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് കൃഷിഭൂമി ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുമായി കൂടിയാലോചന നടത്തി നടപടി സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഫാമിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കിയത്.
ചീങ്ങേരിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റുമായി കൃഷി വകുപ്പ് ഒരു കോടി രൂപ അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വെറുതെയായി. 1958ല്‍ ആരംഭിച്ചതാണ് ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം. 1947ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ആദിവാസി ജനവിഭാഗങ്ങളുടെ സാമ്പത്തിക, സമൂഹിക ഉന്നമനം മുന്‍നിര്‍ത്തി സമര്‍പ്പിച്ച ശുപാര്‍ശകളാണ് ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിനു വഴിയൊരുക്കിയത്. അമ്പലവയല്‍ വില്ലേജില്‍ 750 ഏക്കര്‍ ഭൂമിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഇതില്‍ കൃഷിക്കും വാസത്തിനും യോജിച്ച 500 ഏക്കറില്‍ കുറിച്യ, മുള്ളക്കുറുമ, ഊരാളി, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഭൂരഹിത കുടുംബങ്ങളെയാണ് കുടിയിരുത്തിയത്.
500 ഏക്കറും കൃഷി ഭൂമിയാക്കി ഓരോ കുടുംബത്തിനും അഞ്ച് ഏക്കര്‍ വീതം അഞ്ച് വര്‍ഷത്തിനകം പതിച്ചുനല്‍കുമെന്നായിരുന്നു തുടക്കത്തില്‍ പ്രഖ്യാപനം. ഉദ്യോഗസ്ഥരുടെ പരോക്ഷ നിയന്ത്രണത്തിലുള്ള പട്ടികവര്‍ഗ സഹകരണ സംഘത്തിന് കീഴിലായിരുന്നു ചീങ്ങേരിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. 50 ഏക്കര്‍ കാപ്പികൃഷിയാണ് ആദ്യം ആരംഭിച്ചത്. കൃഷി യോഗ്യമായതില്‍ ബാക്കി 450 ഹെക്ടറും കാടുകയറി.
1960ല്‍ സംഘം കാര്യാലയത്തില്‍ തീപിടിത്തം ഉണ്ടായി. ഇതേത്തുടര്‍ന്ന് സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഭൂമിയില്‍ 182 ഏക്കര്‍ 1968ലും പിന്നീടുമായാണ് ഉടമാവകാശം നിലനിര്‍ത്തി പട്ടികവര്‍ഗ ക്ഷേമവകുപ്പ് കൃഷി വകുപ്പിനു വിട്ടുകൊടുത്തത്. രണ്ട് വകുപ്പുകളുടെ നിയന്ത്രണത്തിലായതാണ് ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിലെ കാര്‍ഷിക പ്രവര്‍ത്തനത്തെ ബാധിച്ചത്. ഉടമാവകാശം കൃഷിവകുപ്പിനു ലഭിച്ചാലേ തോട്ടങ്ങളുടെ നവീകരണം സാധ്യമാകൂ. കൈവശാവകാശം മാത്രമുള്ള ഭൂമിയില്‍ സ്ഥിരസ്വാഭവമുള്ള നിര്‍മാണങ്ങള്‍ നടത്താനും കൃഷിവകുപ്പിന് കഴിയിയുന്നില്ല. ഈ പശ്ചാത്തലത്തിലായിരുന്നു ഫാം ഏറ്റെടുക്കാനുള്ള ആലോചന.
40 ഹെക്ടര്‍ കാപ്പിത്തോട്ടവും 32.8 ഹെക്ടര്‍ മാതൃകാ ഭക്ഷ്യവസ്തു ഉല്‍പാദന യൂനിറ്റും ചീങ്ങേരിയില്‍ കൃഷിവകുപ്പിന്റെ കൈവശത്തിലുണ്ട്. മാതൃകാ യൂനിറ്റില്‍ കുരുമുളക് ഒരു ഹെക്ടര്‍, കമുക് അര ഹെക്ടര്‍, സപ്പോട്ട രണ്ട് ഹെക്ടര്‍, യൂക്കാലിപ്‌സ് രണ്ട് ഹെക്ടര്‍, കറുവപ്പട്ട രണ്ട് ഹെക്ടര്‍, കാപ്പി രണ്ട് ഹെക്ടര്‍, വെണ്ണപ്പഴം 0.2 ഹെക്ടര്‍, ഗാര്‍ലിക് 0.2 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി. അഞ്ച് വര്‍ഷത്തിനകം പതിച്ചുകൊടുക്കുമെന്ന് പറഞ്ഞ ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് ഇന്നോളം ലഭിച്ചില്ല. ഇതിനിടെ ആദിവാസി കുടുംബങ്ങളുടെ എണ്ണം 100ല്‍ നിന്ന് ഏകദേശം 500 ആയി വര്‍ധിച്ചു.
പൊതുവിഭാഗത്തില്‍പ്പെട്ട 135 കുടുംബങ്ങളും ഇവിടെ താമസമുണ്ട്. 60.65 ഏക്കറാണ് ഈ കുടുംബങ്ങളുടെ കൈവശം. റീസര്‍വേ കഴിഞ്ഞെങ്കിലും പൊതുവിഭാഗത്തിലും പട്ടയം കിട്ടാത്തവര്‍ നിരവധിയാണ്. ചീങ്ങേരി ഫാം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് തോട്ടങ്ങള്‍ നിലനിര്‍ത്തി കൈവശഭൂമിക്ക് പട്ടയം നല്‍കാന്‍ 2005ല്‍ സര്‍ക്കാര്‍ ഉത്തരവായതാണ്. എന്നാല്‍ ഫാം നിലനിര്‍ത്താനുള്ള തീരുമാനത്തിനെതിരേ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു.
2006ല്‍ ഹരജി തീര്‍പ്പാക്കിയ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചെങ്കിലും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുകിട്ടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."