നടുറോഡില്‍ കാട്ടാനയിറങ്ങി; ഭീതിയൊഴിയാതെ ജനം
കരുവാരകുണ്ട്: ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നടുറോഡില്‍ കാട്ടാനയിറങ്ങി. പരിഭ്രാന്തരായ ജനങ്ങള്‍ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍നിന്നു. ആനയെ പിന്നീട് വനത്തിലേക്കുതന്നെ തിരിച്ചയച്ചെങ്കിലും അതു തിരികെ വരുമെന്ന ഭീതിയിലാണ് ജനം.
പുത്തനഴി ഇരിങ്ങാട്ടിരി പ്രദേശത്ത് പറയന്‍മാട് വനമേഖലയില്‍ ഇരിങ്ങാട്ടിരി ടൗണിലും സംസ്ഥാന പാതയിലുമാണ് കാട്ടാനയെത്തിയത്. സൈലന്റ് വാലി ബഫര്‍സോണില്‍പ്പെട്ട പറയന്‍ മേട് തുണ്ട് വനത്തില്‍നിന്നു കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെ ജനവാസ കേന്ദ്രമായ ഇരിങ്ങാട്ടിരി അങ്ങാടിയില്‍ പ്രവേശിച്ച ഒറ്റയാന്‍ ഭീതി പടര്‍ത്തി. പുത്തൂര്‍ കുഞ്ഞാണി ആനയുടെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. പലരും മദ്‌റസയിലേക്കു കുട്ടികളെ പറഞ്ഞയച്ചില്ല.
ആന വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുമുണ്ട്. വാക്കയില്‍ അബ്ദുല്ലക്കുട്ടി, കെ.സി അന്‍വറുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരുടെ കമുക്, വാഴ, റബര്‍ എന്നിവ നശിപ്പിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലിസും വനംവകുപ്പ് അധികൃതരും നാട്ടുകാരും വളരെ പണിപ്പെട്ട് ആനയെ വനമേഖലയിലേക്കുതന്നെ തിരികെ ഓടിച്ചുകയറ്റിയെങ്കിലും ആനക്കൂട്ടം തിരിച്ചുവരുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."