സഊദി ടൂറിസം വിസ അടുത്ത മാസം മുതല്‍ അനുവദിച്ചു തുടങ്ങും
റിയാദ്: സഊദിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ ടൂറിസം വിസ ഏപ്രില്‍ മുതല്‍ അനുവദിച്ചു തുടങ്ങും.
രാജ്യത്തെ ടൂറിസം രംഗത്ത് കൂടുതല്‍ കരുത്തേകുന്ന പുതിയ സമ്പ്രദായത്തിനുള്ള ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അധികൃതര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്.
നിലവില്‍ ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത സന്ദര്‍ശനങ്ങള്‍ക്കും സഊദിയില്‍ വിസയനുവദിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് വിനോദ സഞ്ചാരത്തിന് മാത്രമായി രാജ്യത്ത് പ്രത്യേക അംഗീകൃത വിസയനുവദിക്കുന്നത്.
ചരിത്ര പ്രാധ്യാന്യമുള്ള ഏറെ കേന്ദ്രങ്ങളുള്ള സഊദിയില്‍ ടൂറിസം രംഗം കൂടുതല്‍ ശക്തി പകരാനുള്ള ഒരുക്കത്തിലാണ് പുതിയ വിസ അനുവദിക്കുന്നത്.
ടൂറിസ്റ്റ് വിസ ലഭ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സഊദിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും. ചരിത്രപ്രധാനമായ നിരവധി കേന്ദ്രങ്ങളില്‍ വിദേശികളെ പ്രവേശിപ്പിക്കും.
കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. അംഗീകൃത ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ വഴി ചുരുങ്ങിയത് നാല് പേരെങ്കിലും ഉള്‍കൊള്ളുന്ന ഗ്രൂപ്പ് വിസകളാണ് അനുവദിക്കുക.
ഒറ്റക്ക് സഊദി അറേബ്യ സന്ദര്‍ശിക്കുന്നതിന് വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കില്ല. ഗ്രൂപ്പായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. വനിതകള്‍ക്ക് വിസ അനുവദിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
മുപ്പതു വയസ്സില്‍ കുറവുള്ള വനിതകള്‍ക്ക് അടുത്ത ബന്ധുവിന് (മഹ്‌റം) ഒപ്പമല്ലാതെ വിസ അനുവദിക്കുകയില്ല. എന്നാല്‍ മുപ്പതു വയസ്സ് കഴിഞ വനിതകള്‍ക്ക് മഹ്‌റം ആവശ്യമില്ലെങ്കിലും ടൂറിസം ഗ്രൂപ്പിനോടൊപ്പമാണ് വിസ അനുവദിക്കുക.
അതായത്, ഇവര്‍ക്ക് തനിച്ച് സഊദി സന്ദര്‍ശിക്കാന്‍ അനുവദിക്കുകയില്ലെന്നര്‍ത്ഥം.
അംഗീകൃത ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ വഴി ചുരുങ്ങിയത് നാല് പേരെങ്കിലും ഉള്‍കൊള്ളുന്ന ഗ്രൂപ്പ് വിസകളാണ് അനുവദിക്കുക. വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഗ്രൂപ്പിനുള്ള അനുമതി സമ്പാദിക്കേണ്ടത്.
വിദേശത്തെ ട്രാവല്‍ ഏജന്‍സിയും സഊദിയിലെ ടൂര്‍ ഓപ്പറേറ്ററും ഒപ്പുവയ്ക്കുന്ന കരാര്‍ പ്രകാരമായിരിക്കും വിദേശ ടൂറിസ്റ്റുകളുടെ സഊദി യാത്രയും താമസവും ക്രമീകരിക്കുക.
ടൂറിസം വിസയില്‍ എത്തുന്നവരില്‍ മുസ്‌ലിംകള്‍ക്ക് പുണ്യ നഗരികള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."