സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
ലണ്ടന്‍: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു.ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള വീട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വാര്‍ത്ത പുറത്തു വിട്ടത്.
തങ്ങളുടെ പിതാവ് മഹാനായ ഒരു ശാസ്ത്രജ്ഞനായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം വേദനയുളവാക്കുന്നുവെന്നും മക്കള്‍ പ്രതികരിച്ചു.
മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു ജീവിതം. രോഗം ബാധിച്ചപ്പോള്‍ രണ്ടു വര്‍ഷത്തെ ആയുസ്സാണ് അദ്ദേഹത്തിന് വിധിയെഴുതിയത്. എന്നാല്‍ വൈദ്യശാസ്ത്രത്തെ പരാജയപ്പെടുത്തി അരനൂറ്റാണ്ട് ശാസ്ത്രലോകത്തെ അതികായനായി അദ്ദേഹം ജീവിച്ചു. ശരീരത്തിന്റെ ചലനശേഷി അല്‍പാല്‍പമായി നഷ്ടപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ശേഷി ഉയരുകയായിരുന്നു. ഒടുവില്‍ ശബ്ദം പോലും അദ്ദേഹത്തിനു നഷ്ടമായിരുന്നു. തന്റെ വൈകല്യങ്ങളെ കണ്ടുപിടുത്തങ്ങളിലൂടെ അതിജീവിച്ചു ഈ അതുല്യ പ്രതിഭ.
Remembering Stephen Hawking, a renowned physicist and ambassador of science. His theories unlocked a universe of possibilities that we & the world are exploring. May you keep flying like superman in microgravity, as you said to astronauts on @Space_Station in 2014 pic.twitter.com/FeR4fd2zZ5
— NASA (@NASA) March 14, 2018
1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സ്റ്റീഫന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താല്‍പര്യം.
പതനേഴാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. 1991ല്‍ വിവാഹ മോചനം നേടിയ സ്റ്റീഫന്‍ തന്റെ നഴ്‌സിനെ വിവാഹം കഴിച്ചു.
കേംബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ് ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേര്‍ന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന് പുതിയ വിശദീകരണം നല്‍കി.പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും അവര്‍ ചില സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു.
നാശോന്മുഖമായ നക്ഷത്രങ്ങള്‍ അഥവാ തമോഗര്‍ത്തങ്ങളുടെ പിണ്ഡം,ചാര്‍ജ്ജ്,കോണീയസംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടര്‍പഠനങ്ങള്‍. ഭീമമായ ഗുരുത്വാകര്‍ഷണ ബലം ഗുരുത്വാകര്‍ഷണബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രം വിഭാഗത്തില്‍ ലുക്കാഷ്യന്‍ പ്രഫസറായ അദ്ദേഹത്തിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."