മത്സ്യക്കൃഷി തുടങ്ങാനിരുന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ കൊടിനാട്ടിയതായി പരാതി
കോഴിക്കോട്: മത്സ്യക്കൃഷി തുടങ്ങുന്നതിനായി കുളം നിര്‍മിക്കാനിരുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയതായി പരാതി.
കക്കോടി മോരിക്കര സ്വദേശിനി ശ്രീനിലയത്തില്‍ എം. ശകുന്തള ഏറാടിയുടെ കോട്ടൂളി കെ.പി ഗോപാലന്‍ റോഡിലെ 86 സെന്റ് സ്ഥലത്താണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയത്. കളിസ്ഥലത്തിനായി കോര്‍പറേഷന്‍ ഈ ഭൂമി അക്വയര്‍ ചെയ്യാന്‍ പോവുകയാണെന്ന് വാദിച്ചാണ് കടന്നുകയറ്റമെന്ന് ഉടമ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. കൊടി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഉടമയുടെ മക്കള്‍ സംഘടനയുടെ പ്രാദേശിക നേതാക്കളെ സമീപിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. 16 വര്‍ഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയില്‍ സാമൂഹ്യവിരുദ്ധരടക്കം താവളമാക്കിയതോടെയാണ് ഇവിടെ മത്സ്യക്കൃഷിയും വാഴക്കൃഷിയും തുടങ്ങാന്‍ ഉടമ തീരുമാനിച്ചത്.
ഇതിനായുള്ള പ്രവൃത്തി നടക്കവെ ജനുവരി ആറിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ജോലി തടസപ്പെടുത്തുകയും കൊടി കുത്തുകയുമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ശകുന്തള മെഡിക്കല്‍ കോളജില്‍ പരാതി നല്‍കിയിരുന്നു.
നടപടിയുണ്ടാവാത്തതിനാല്‍ കഴിഞ്ഞ മാസം 16നു വീണ്ടും പരാതി നല്‍കി. ഇതുവരെ പൊലിസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ഇതുവരെ കോര്‍പറേഷന്റെയോ മറ്റു ഏജന്‍സികളുടെയോ ഒരു നോട്ടിസും ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."