@ 40 കത്തി ജ്വലിച്ച് വസിം ജാഫര്‍
നാഗ്പൂര്‍: പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് മുന്‍ ഇന്ത്യന്‍ ഓപണര്‍ വസിം ജാഫര്‍. 40 വയസില്‍ എത്തിനില്‍ക്കുന്ന ജാഫര്‍ വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമായി ഇറാനി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ വിദര്‍ഭയ്ക്കായി കളിക്കാനിറങ്ങി രണ്ട് നാഴികക്കല്ലുകള്‍ പിന്നിട്ടു. ഇറാനി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ വസിം ജാഫര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18,000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കി. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫി പോരാട്ടത്തില്‍ ജാഫര്‍ 285 റണ്‍സുമായി പുറത്താകാതെ ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുന്നു.
വെറ്ററന്‍ താരത്തിന്റെ കിടയറ്റ ബാറ്റിങ് കരുത്തില്‍ വിദര്‍ഭ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 598 റണ്‍സെന്ന ശക്തമായ നിലയില്‍. കളി നിര്‍ത്തുമ്പോള്‍ ജാഫറിനൊപ്പം 44 റണ്‍സുമായി വാംഖഡെയാണ് ക്രീസില്‍. നേരത്തെ ഗണേഷ് സതീഷ് (120) സെഞ്ച്വറിയുമായി ജാഫറിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. ജാഫറും ഗണേഷും ചേര്‍ന്ന സഖ്യത്തിന്റെ ഉജ്ജ്വല കൂട്ടുകെട്ടാണ് വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം ദിനത്തില്‍ ഓപണറും ക്യാപ്റ്റനുമായ ഫസല്‍ (89), സഹ ഓപണര്‍ സഞ്ജയ് (53) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
242 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചാണ് ജാഫര്‍ 18,000 റണ്‍സെന്ന നേട്ടം പിന്നിട്ടത്. നേരത്തെ ഇന്ത്യന്‍ ടെസ്റ്റ് ഓപണര്‍ മുരളി വിജയ് നേടിയ 266 റണ്‍സായിരുന്നു ഇറാനി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഈ റെക്കോര്‍ഡാണ് വെറ്ററന്‍ താരം പിന്തള്ളിയത്. 425 പന്തുകള്‍ നേരിട്ട് 34 ഫോറുകളും ഒരു സിക്‌സും ജാഫര്‍ പറത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എട്ടാം ഡബിള്‍ സെഞ്ച്വറിയാണ് ഇന്നലെ ജാഫര്‍ പിന്നിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മൊത്തം സെഞ്ച്വറികളുടെ എണ്ണം 53ല്‍ എത്തിക്കാനും ജാഫറിന് സാധിച്ചു.
വിദര്‍ഭയെ ഇത്തവണ രഞ്ജി ട്രോഫി കിരീട ജേതാക്കളാക്കുന്നതില്‍ ജാഫറിന് കൃത്യമായ പങ്കുണ്ട്. 54.09 ശരാശരിയില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ജാഫര്‍ സ്വന്തമാക്കിയത് 595 റണ്‍സാണ്. മുംബൈയ്ക്കായി 130 രഞ്ജി പോരാട്ടങ്ങള്‍ കളിച്ച ശേഷമാണ് ജാഫര്‍ വിദര്‍ഭയ്ക്കായി കളിക്കാനിറങ്ങിയത്. നിലവില്‍ രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറികളും സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും ജാഫറിന് സ്വന്തമാണ്. 10,665 റണ്‍സും 36 സെഞ്ച്വറികളുമാണ് താരത്തിന്റെ രഞ്ജി സമ്പാദ്യം. ഇന്ത്യക്കായി 31 ടെസ്റ്റുകളില്‍ ഓപണറായി ഇറങ്ങിയിട്ടുള്ള ജാഫര്‍ 1944 റണ്‍സും രണ്ട് ഡബിള്‍ സെഞ്ച്വറിയടക്കം അഞ്ച് സെഞ്ച്വറികളും അടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."