ശിക്ഷായിളവ് ചുളുവില്‍ വേണ്ടെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ജയില്‍ പുള്ളികള്‍ക്കുള്ള ശിക്ഷാഇളവിന് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരും ഇടയുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട വിവാദ പട്ടിക വെട്ടിയാണ് 740 പേരെ മോചിപ്പിക്കാനുള്ള പട്ടിക ഈ മാസം എട്ടിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇത് പരിഗണനയിലിരിക്കെ ടി.പി കേസിലെ മറ്റൊരു പ്രതി കുഞ്ഞനന്തന്‍ അടക്കമുള്ളവരെ മോചിപ്പിക്കാനുള്ള അപേക്ഷ കൂടി സര്‍ക്കാര്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചു. ജീവപര്യന്തം തടവിനു ശിക്ഷിച്ചവരെ വിട്ടയക്കണമെങ്കില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരുടെ സമ്മതപത്രം കൂടി ഹാജരാക്കണമെന്നും ജീവപര്യന്തം എന്നത് 14 വര്‍ഷമല്ല, ആജീവനാന്തമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു.
ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ പേര് വന്നാല്‍ വിവാദമാകുമെന്ന നിയമവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുഞ്ഞനന്തന് 70 വയസ് കഴിഞ്ഞുവെന്നുകാട്ടി മറ്റൊരു അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.
ഇതാണ് സര്‍ക്കാരിന് പുലിവാലായത്. കഴിഞ്ഞ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ശിക്ഷാ ഇളവിന് പരിഗണിക്കാനായി മുന്‍ ജയില്‍വകുപ്പ് മേധാവി എ.ഡി.ജി.പി അനില്‍കാന്ത് തയാറാക്കിയ 2,262പേരുടെ പട്ടിക കഴിഞ്ഞ ഒക്‌ടോബറില്‍ ആഭ്യന്തരവകുപ്പിന് കൈമാറി.
പിന്നാലെ, സുപ്രിംകോടതി മാനദണ്ഡപ്രകാരം ഇവരില്‍നിന്ന് യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, അന്നത്തെ ജയില്‍ മേധാവി എന്നിവരടങ്ങിയ മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. തുടര്‍ന്ന് 1,700 പേരുടെ പട്ടിക ഉപസമിതി തയാറാക്കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികളും തൃശൂര്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മണിച്ചന്‍, ഗുണ്ടാനേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരും മര്യാദക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഈ പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചതോടെ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെയും പ്രത്യേക സ്‌ക്രീനിങ്ങ് സമിതിയെും അന്തിമ പട്ടിക തയാറാക്കാന്‍ ചുമതലപ്പെടുത്തി.
നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് അധ്യക്ഷനായും ജയില്‍ മേധാവി ആര്‍.ശ്രീലേഖ, നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി, സബ് ജഡ്ജ് എന്നിവരടങ്ങിയതായിരുന്നു സ്‌ക്രീനിങ്ങ് കമ്മിറ്റി. സ്‌ക്രീനിങ്ങ് കമ്മിറ്റിയാണ് 740 പേരുടെ പുതിയ പട്ടിക തയാറാക്കി മന്ത്രിസഭാ ഉപസമിതിയ്ക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."