ആദിവാസിജീവിതം വരച്ചുകാട്ടി 'ഗോത്രക്കാഴ്ച'
കൊച്ചി: ഏഴ് ഏക്കറിന് നടുവില്‍ പടര്‍ന്നു നില്‍ക്കുന്ന പുല്ലുമേഞ്ഞ തറവാട്, കൃഷി നശിപ്പിക്കാന്‍ രാത്രിയെത്തുന്ന വന്യജീവികളെ തുരത്താന്‍ ഉയരത്തില്‍ നിര്‍മിച്ച ഏറുമാടം, ആന കുത്താന്‍ വരുന്നതുകണ്ട് ഓടിരക്ഷപ്പെടുന്ന മൂന്നുവയസുകാരന്‍...
തങ്ങള്‍ കണ്ട കാഴ്ചകളൊക്കെ വിദ്യാര്‍ഥികള്‍ കാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗാലറിയില്‍ പ്രകടമായത് ആദിവാസി വിഭാഗത്തിന്റെ പച്ചയായ ജീവിതങ്ങളായിരുന്നു.
എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ 38 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും വയനാട് തിരുനെല്ലിയിലെ അപ്പപ്പാറയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതവും സംസ്‌കാരവും മൂന്നുദിവസം നടന്നുകണ്ടാണ് 'ഗോത്രക്കാഴ്ച' പ്രദര്‍ശനം ഒരുക്കിയത്.
വിദ്യാര്‍ഥികള്‍ കാമറയില്‍ പകര്‍ത്തിയ നാല്‍പത് ചിത്രങ്ങളും വരച്ച അറുപതോളം ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുള്ളത്. അടിയാന്‍, കാട്ടുനായ്ക്കര്‍, ഗൗഡ എന്നീ വിഭാഗങ്ങളുടെ ചരിത്രം ആരംഭിക്കുന്ന പത്താം നൂറ്റാണ്ടുമുതല്‍ ഇതുവരെയുള്ള ജീവിതരീതിയുടെ ഒരു താരതമ്യ പഠനവും വിദ്യാര്‍ഥികള്‍ നടത്തിയിട്ടുണ്ട്.
തുടക്കത്തില്‍ കാടുകളില്‍നിന്ന് തേന്‍ ശേഖരിച്ച് വില്‍പന നടത്തിവന്നവര്‍ നൂറ്റാണ്ടുകള്‍ താണ്ടിയെങ്കിലും ജീവിത രീതിയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നതായാണ് ചിത്രങ്ങള്‍ പറയുന്നത്. പ്രദര്‍ശനത്തിനൊപ്പം ഇവരുടെ വിവരങ്ങളും ദൃശ്യങ്ങളും ചേര്‍ത്ത് ഡോക്യുമെന്ററിയും ഒരുക്കിയിട്ടുണ്ട്.
ആദിവാസി ഊരുകള്‍ അടക്കമുള്ള ഗ്രാമീണ മേഖലകളില്‍ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനവും പരിശീലനവും ലഭ്യമാക്കുകയും ഇവ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഗോത്രക്കാഴ്ചയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.
അധ്യാപകാരായ ഫ്രാന്‍സിസ് ചാണ്ടി, ലെവിന്‍ സാമുവേല്‍, അനു എസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഗോത്രക്കാഴ്ച സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."