ചെമ്പരിക്ക ഖാസി വധം: 27ന് സെക്രട്ടേറിയറ്റ് ധര്‍ണ
തിരുവനന്തപുരം: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്.
ജനകീയ ആക്ഷന്‍ കമ്മിറ്റിയും ചെമ്പരിക്ക ഖാസിയുടെ കുടുംബാംഗങ്ങളും നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി 27ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് ജനീകയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഖാസിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റുന്നതിന് അന്വേഷണത്തിന്റെ തുടക്കം മുതല്‍തന്നെ ഉന്നത റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി.
ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും അതിനെയെല്ലാം സ്വാധീനിക്കാന്‍ കഴിയുന്ന ശക്തികളാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കൊലപാതകത്തിന് ആധാരമായ പല തെളിവുകളും ഹാജരാക്കിയിട്ടും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുന്നതെന്ന് ജനകീയ ആക്ഷന്‍ കമ്മറ്റി ചെയര്മാന് ഡോ.ഡി സുരേന്ദ്രനാഥ് പറഞ്ഞു.
ധര്‍ണ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ ആക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്, വൈസ് ചെയര്മാന് അബൂബക്കര്‍ ഉദുമ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."