ഭീകരത: ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും തയാറെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: പാകിസ്താനെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുകയെന്ന് മാത്രമല്ല ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും ആക്രമണം നടത്താന്‍ രാജ്യം തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്താന്‍ ആ രാജ്യം തയാറായാല്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യ തയാറാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തെ നേരിടാന്‍ പാകിസ്താന് കാര്യമായൊന്നും ചെയ്യുന്നില്ലെന്നും രാജ്നാഥ് സിങ് ആരോപിച്ചു. യു.എന്‍ പോലും ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ ഹാഫിസ് സഈദിനെ സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന നയമാണ് പാകിസ്താന്റേതെന്ന് അദ്ദേഹം ആരോപിച്ചു.
പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് ചില പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
സുഹൃത്തുക്കള്‍ മാറിയേക്കാം, അയല്ക്കാര്ക്ക് മാറ്റമില്ലെന്ന മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ വാചകം ഉദ്ധരിച്ചാണ് പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കിയത്.
ഭീകരവാദം ആഗോള പ്രതിഭാസമാണ്. ഇതിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. മുന്‍പ് പാകിസ്താനെ കുറ്റപ്പെടുത്തി ആരും സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ സ്ഥിതിയാകെ മാറിയിട്ടുണ്ട്.
അമേരിക്കപോലും പാകിസ്താനെതിരായി സംസാരിക്കാന്‍ തയാറായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."