ഭക്തിയുടെ രാഷ്ട്രീയ വായന
ഹാദിയ കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദിവസമാണ് മുസ്‌ലിം സ്ത്രീപഠന മേഖലയില്‍ പുതിയ ആലോചനകള്‍ തുറന്നിട്ട പ്രൊഫ. സബാ മഹ്മൂദ് വിടവാങ്ങിയത്. തികച്ചും യാദൃശ്ചികമാണത്. പക്ഷെ സബാ മഹ്മൂദിന്റെ വൈവിധ്യമാര്‍ന്ന ധൈഷണിക സംഭാവനകളെപ്പറ്റി ഒരല്‍പം ചിന്തിക്കാന്‍ കേസ് വിജയിച്ചുവന്ന ഹാദിയയുടെ ഇമേജും പത്രപ്രസ്താവനകളുമൊക്കെ നമ്മെ സഹായിക്കുന്നുണ്ട്.
മതം മാറുകയും ഷെഫിന്‍ ജഹാനുമൊത്തുള്ള ജീവിതം തിരഞ്ഞെടുക്കുകയും ചെയ്ത ഹാദിയയോട് മതേതരലിബറല്‍ സമീപനം പുലര്‍ത്തിയ പലരുടെയും സമീപനം, സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത (ഏജന്‍സി ഇല്ലാത്ത) ഒരു പെണ്‍കുട്ടി എന്ന നിലക്കുള്ള ഒന്നായിരുന്നു. അവരുടെ തിരഞ്ഞെടുപ്പിനെ അനുതാപത്തോടെ വീക്ഷിക്കുമ്പോഴും, കുറേക്കൂടി അസ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരിടത്തേക്കുള്ള അവരുടെ പലായനമായി മതംമാറ്റത്തെ കണ്ടവരുണ്ട്. സിറിയ, ആടുമേയ്ക്കല്‍ തുടങ്ങിയ വലതുപക്ഷ രൂപകങ്ങളെ അവിശ്വസിക്കുമ്പോഴും അവര്‍ തിരഞ്ഞെടുത്ത രീതിയെക്കുറിച്ചും ഷെഫിന്‍ ജഹാനെക്കുറിച്ചും അവരെ സഹായിച്ചവരെക്കുറിച്ചും സംശയം ഉന്നയിച്ചുകൊണ്ട്, ഒരുപക്ഷേ മോശം തിരഞ്ഞെടുപ്പെന്ന നിലക്കു മതംമാറ്റത്തെ പ്രതിഷ്ഠിച്ചവരുണ്ട്. കേസിന്റെ വികാസത്തെ പരിശോധിക്കുമ്പോള്‍ അത്തരം മുന്‍വിധികള്‍ പൊളിഞ്ഞുവീണത് ആര്‍ക്കും കാണാവുന്നതാണ്.
പാരമ്പര്യ മുസ്‌ലിം സ്ത്രീകളെക്കുറിച്ചു പൊതുവായി വ്യവഹരിക്കപ്പെടുന്ന വാദങ്ങളും വിദ്യഭ്യാസം നേടുകയും ഉല്‍പതിഷ്ണുത്വം പുലര്‍ത്തുകയും ചെയ്യുന്ന മുസ്‌ലിംകളുടെ വ്യവഹാരങ്ങളും അവളുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമാനമായ മുന്‍വിധികള്‍ നിറഞ്ഞതാണ്. പാശ്ചാത്യലോകത്തുള്ള മുഖ്യധാരാ ഫെമിനിസമാകട്ടെ മേല്‍പറഞ്ഞ വീക്ഷണം വച്ചുപുലര്‍ത്തുന്നവരെക്കൂടി അസ്വാതന്ത്യം അനുഭവിക്കുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇങ്ങനെയൊരു അപരവല്‍ക്കരണം ആധുനികതയുടെ പരിസരത്തില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും, മുകളില്‍നിന്നു താഴേക്കും (വിദ്യഭ്യാസം, സമ്പത്ത്, ഉല്‍പതിഷ്ണുത്വം, വസ്ത്രധാരണം തുടങ്ങിയ മാനകങ്ങളില്‍) സാധ്യമാകുന്നുണ്ട്.
ഒരു സമൂഹത്തോടൊപ്പമുള്ള ജീവിതാനുഭവങ്ങള്‍ അവരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ മാറ്റുകയും ആ ധാരണകളുടെ ലെന്‍സിലൂടെയുള്ള തുറിച്ചുനോട്ടമായി സാമൂഹികശാസ്ത്രത്തെ സങ്കല്‍പിക്കുന്നതു തിരുത്തുകയും ചെയ്യുമെന്ന പാഠമാണ് സബാ മഹ്മൂദിന്റെ ജീഹശശേര െീള ജശല്യേ: ഠവല കഹെമാശര ഞല്ശ്മഹ മിറ വേല എലാശിശേെ ടൗയഷലര േമുന്നോട്ടുവയ്ക്കുന്നത്. 1962ല്‍ പാകിസ്താനില്‍ ജനിച്ച സബയുടെ കൗമാരകാലത്താണ് സിയാഉല്‍ ഹഖിന്റെ പട്ടാള അട്ടിമറി (1977) ഉണ്ടാകുന്നത്. അതേത്തുടര്‍ന്നു മതത്തിന്റെ വലതുപക്ഷവല്‍ക്കരണം, സാമ്രാജ്യത്വ വിധേയത്വം തുടങ്ങിയ ദശകളിലൂടെയുള്ള പാകിസ്താന്റെ പ്രയാണം, പൊതുജനക്ഷേമ പദ്ധതികളില്‍നിന്നുള്ള കോളനിയനന്തര ദേശരാഷ്ട്രത്തിന്റെ പിന്‍വാങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ മതേതര ലിബറല്‍ വീക്ഷണം പുലര്‍ത്തുന്ന സബാ മഹ്മൂദിനെപ്പോലുള്ള ഫെമിനിസ്റ്റുകള്‍ക്ക് ഇസ്‌ലാമിനെ ജീവിതവീക്ഷണമായി വിഭാവനം ചെയ്യുന്നതിനോടു വിയോജിപ്പും അസഹിഷ്ണുതയും ഉണ്ടാകുന്നതിനു കാരണമായി.
ഇറാനിലെ ഇസ്‌ലാമിക വിപ്ലവം മതേതരമായ ആകുലതകളുടെ ആക്കം കൂട്ടുകയും ചെയ്തു. എന്നാല്‍ ഈ അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഇസ്‌ലാമിക ആത്മബോധവും വ്യക്തിത്വരൂപീകരണവും ഒരേ വാര്‍പ്പുമാതൃകയില്‍ കാണാന്‍ മാത്രം ഏകാത്മകമോ നിഷേധാത്മകമോ ആയിരുന്നില്ല എന്നതാണു മധേഷ്യയിലെ മുസ്‌ലിം സ്ത്രീകളുടെ പുനരുദ്ധാരണ പ്രസ്ഥാനങ്ങളോടൊപ്പം ഇടപഴകി പ്രവര്‍ത്തിച്ചതിന്റെ ഫലമായുള്ള അനുഭവാത്മക നരവംശപഠനം (ലവേിീഴൃമുവ്യ) സബാ മഹ്മൂദിനെ ബോധ്യപ്പെടുത്തിയത്.
ഭക്തി (ജശല്യേ) എന്ന ഘടകത്തെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈജിപ്തിലെ സ്ത്രീകളുടെ പ്രസ്ഥാനത്തെയാണ് സബാ മഹ്മൂദ് പഠനവിധേയമാക്കിയത്. ഖുര്‍ആനും ഇതരവേദങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിവിധ സാമൂഹികസാമ്പത്തിക പശ്ചാത്തലമുള്ള സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രസ്ഥാനത്തിന്റെ സാമൂഹിക അനുഷ്ഠാനങ്ങളും ധാര്‍മികബോധമുള്ള സ്വത്വരൂപീകരണത്തിന് അനിവാര്യമായിരുന്നു.
പള്ളികളിലും മറ്റും ഇസ്‌ലാമിനെപ്പറ്റി പരസ്പരം പഠിപ്പിച്ചുകൊണ്ടുള്ള സ്ത്രീകളുടെ ഒത്തൊരുമ ഇസ്‌ലാമിക ബോധനശാസ്ത്രത്തിന്റെ പുരുഷകേന്ദ്രീകൃതമായ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നതാക്കി എന്ന് സബാ എഴുതുന്നു. അതിലുപരി നിയോലിബറല്‍ പരിഷ്‌കരണങ്ങളുടെ ഫലമായി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍വാങ്ങുന്ന സ്റ്റേറ്റിന്റെ പശ്ചാത്തലത്തിലാണു പൊതുജനക്ഷേമത്തിലൂന്നി നിന്നുകൊണ്ടുള്ള സ്ത്രീ പ്രസ്ഥാനത്തിന് അര്‍ഥം കൈവരുന്നത്.
ഇതിനെ എല്ലായിടത്തും പറിച്ചുനടാന്‍ പറ്റിയ ശ്രേഷ്ഠമാതൃകയായി അവതരിപ്പിക്കുന്നതിനു പകരം, മുഖ്യധാരാ ഫെമിനിസ്റ്റ് സങ്കല്‍പത്തിനപ്പുറമുള്ള വ്യത്യസ്തമായ സ്വത്വരൂപീകരണത്തിന്റെ അനുഭവസാക്ഷ്യമായിട്ടാണ് സബ ആഖ്യാനം ചെയ്യുന്നത്. 'സ്വന്തം ആഗ്രഹങ്ങളെയും തോന്നലുകളെയും കണ്ടെത്തുന്നതിനപ്പുറത്ത്, ദൈവത്തോടുള്ള വ്യക്തിഗതമായ ബന്ധം സ്ഥാപിക്കുന്നതിലൂടെ ഭക്തിനിറഞ്ഞ ഒരു ആത്മാവിന്റെ ആവിഷ്‌കാരത്തെയാണ് ഈ പ്രസ്ഥാനം സാധ്യമാക്കുന്നത്.'
പ്രത്യക്ഷരാഷ്ട്രീയത്തില്‍ പങ്കാളിത്തമില്ലെങ്കിലും ഈ ആത്മാവിഷ്‌കാരത്തിനു ജനാധിപത്യവല്‍ക്കരണത്തെ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നത് അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പുസ്തകം വായിക്കുമ്പോഴാണു നമുക്കു മനസിലാക്കാന്‍ കഴിയുക. അതോടൊപ്പം കേരളത്തിലെ മുസ്‌ലിം പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള വനിതാപ്രസ്ഥാനങ്ങളെ, പ്രത്യക്ഷരാഷ്ട്രീയത്തില്‍ ഇടപെടുന്ന പ്രസ്ഥാനങ്ങളെ മാത്രമല്ല, ഭക്തിയെയും ജ്ഞാനസമ്പാദനത്തെയും ആധാരമാക്കി പ്രവര്‍ത്തിക്കുന്ന വഫിയ്യ പോലുള്ള പ്രസ്ഥാനങ്ങളെയും പ്രതീക്ഷയോടെ ഉറ്റുനോക്കാനും ഈ പുസ്തകത്തിന്റെ പുതിയ വായന നമ്മെ സഹായിക്കും.
കേവലം നരവംശശാസ്ത്രത്തിനപ്പുറത്തു ധാര്‍മികമായ ആത്മാവിഷ്‌കാരത്തിന്റെ തലത്തില്‍ സബാ മഹ്മൂദിന്റെ ചിന്തകള്‍ക്കും എഴുത്തുകള്‍ക്കും അര്‍ഥം നല്‍കുന്നതു പുനര്‍വായനകളാണ്. ജീഹശശേര െീള ജശല്യേയെക്കൂടാതെ, ഞലഹശഴശീൗ െഉശളളലൃലിരല ശി മ ടലരൗഹമൃ അഴല എന്ന പുസ്തകവും സബാ മഹ്മൂദ് എഴുതിയിട്ടുണ്ട്. തലാല്‍ അസദിന്റെ ക െഇൃശശേൂൗല ടലരൗഹമൃ? എന്ന പുസ്തകത്തിലുള്‍പ്പെടെ ഭാഗമായിട്ടുണ്ട്. നിരവധി പഠനപ്രബന്ധങ്ങളും സംഭാഷണങ്ങളുമുണ്ട്.
അവയെല്ലാം ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കാനാവില്ല. മതത്തിന്റെ നിര്‍വചനാധികാരം പേറുന്ന ആധുനിക മതേതര ഭരണകൂടങ്ങള്‍ നിര്‍മിക്കുന്ന മനുഷ്യസ്വത്വത്തിന്റെ ഭാഗധേയവും, അതിനപ്പുറം ധാര്‍മികത, നൈതികത, ഭക്തി തുടങ്ങിയവയെ ആവിഷ്‌കരിക്കുന്നതിലൂടെയും അനുഭവിക്കുന്നതിലൂടെയും രൂപപ്പെടുന്ന രാഷ്ട്രീയവും സൂക്ഷ്മമായി അന്വേഷിക്കുന്ന ഒരു പണ്ഡിതയെയാണ് സബാ മഹ്മൂദിന്റെ മരണത്തിലൂടെ നമുക്കു നഷ്ടമായിരിക്കുന്നത് എന്നു മാത്രം പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."