സുഗതന്റെ ആത്മഹത്യ: എ.ഐ.വൈ.എഫ് വാദം പൊളിയുന്നു
കൊല്ലം: പുനലൂരിലെ സുഗതന്റെ ആത്മഹത്യയില്‍ സി.പി.ഐ യുവജനസംഘടനയായ എ.ഐ.വൈ.എഫിന്റെ വാദം പൊളിയുന്നു.
ഡാറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലത്താണ് കൊടി കുത്തിയതെന്നായിരുന്നു സി.പി.ഐ നിലപാട്. എന്നാല്‍ നാമമാത്രമായ സ്ഥലമാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നത്.
വിളക്കുടി വില്ലേജില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റില്‍ ഇരുപത് സെന്റ് ഭൂമിയും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്നാണ് പത്തനാപുരം തഹസില്‍ദാര്‍ പറയുന്നത്. 2008ന് മുന്‍പാണ് വയല്‍ നികത്തിയതെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. പിരിവ് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പ്രതികാരമാണ് സി.പി.ഐക്കാര്‍ നടത്തിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെ ആരോപണം.
സുഗതന്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഈ സ്ഥലം വയല്‍ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം.
ഇതില്‍ മനംനൊന്ത് സുഗതന്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
അതേസമയം തങ്ങളുടെ പ്രതിഷേധം സുഗതനെതിരേ ആയിരുന്നില്ലെന്നാണ് ഐ.ഐ.വൈ.എഫിന്റെ നിലപാട്. പാടം നികത്തലിനെതിരേ എന്നായിരുന്നു വിശദീകരണം. ഇതാണ് തഹസില്‍ദാറുടെ വെളിപ്പെടുത്തലോടെ പൊളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."