കേരള ബാങ്ക്: ജില്ലാ ബാങ്കുകളിലെ അപ്രഖ്യാപിത നിയമനനിരോധനം തുടരുന്നു
തൊടുപുഴ: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകളിലെ അപ്രഖ്യാപിത നിയമന നിരോധനം തുടരുന്നു. ഇതു സംബന്ധിച്ച് പി. ഉബൈദുല്ല എം.എല്‍.എ ഇന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കും. 14 ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്കുള്ള നിയമനം 1995 മുതല്‍ പി.എസ്.സി മുഖാന്തരമാണ് നടക്കുന്നത്.
2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ക്ലര്‍ക്ക്, കാഷ്യര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 6000 ത്തോളം ഉദ്യോഗാര്‍ഥികളുടെ നിയമനം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ഈ റാങ്ക് ലിസ്റ്റില്‍നിന്നു നിയമനം നടത്തേണ്ട 14 ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിക്കുന്നത്. 14 ജില്ലാ ബാങ്കുകളിലുമായി ഈ റാങ്ക് ലിസ്റ്റില്‍നിന്ന് 192 നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ഒന്നാംറാങ്കുകാരനുപോലും നിയമനം ലഭിച്ചിട്ടില്ല. കേരള ബാങ്ക് രൂപീകരണത്തിന്റെ ആലോചനാഘട്ടത്തില്‍ തന്നെ സഹകരണ രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ജില്ലാ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍ പരിഷ്‌കരണം, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍, പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കല്‍ തുടങ്ങി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന സാധ്യത വര്‍ധിപ്പിക്കുന്ന എല്ലാനടപടികളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഉദ്യോഗാര്‍ഥികളുടെ നിരന്തര അപേക്ഷയെ തുടര്‍ന്ന് പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ക്ക് തടസമില്ല എന്ന് ഭേദഗതി പുറപ്പെടുവിച്ചെങ്കിലും റിട്ടയര്‍മെന്റ് ഒഴിവുകളില്‍ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.
ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, സ്റ്റാഫ് പാറ്റേണ്‍, പരിഷ്‌കരണം തുടങ്ങിയവ കാലാനുസൃതമായി നടക്കാത്തതിനാല്‍ 2015 നുശേഷം ആരംഭിച്ച പുതിയ ബ്രാഞ്ചുകള്‍ക്ക് തസ്തികകള്‍ അനുവദിക്കലും മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ക്ലാസിഫിക്കേഷന്‍ പരിഷ്‌കരണം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിലവിലെ ജീവനക്കാരുടെ സംഘടനകള്‍ സഹകരണവകുപ്പിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."