രാസവസ്തു പ്രയോഗം: പരിശോധനയ്ക്കായി അന്താരാഷ്ട്ര സംഘമെത്തി
ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരനും മകള്‍ക്കും നേരെയുണ്ടായ വിഷരാസവസ്തു പ്രയോഗത്തില്‍ പരിശോധനയ്ക്കായി അന്താരാഷ്ട്ര ഏജന്‍സി ലണ്ടനിലെത്തി. രാജ്യാന്തര ആണവ നിര്‍വ്യാപന സംഘടനയായ ഓര്ഗനൈസേഷന് ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്സിലെ(ഒ.പി.സി.ഡബ്ലു) വിദഗ്ധസംഘമാണ് രാജ്യത്തെത്തിയത്. ഇവര്‍ക്കെതിരേ ഉപയോഗിച്ചത് റഷ്യ വികസിപ്പിച്ച രാസവസ്തുവാണെന്ന ആരോപണം ശക്തമായതിനു പിറകെയാണ് ഇക്കാര്യം തെളിയിക്കാന്‍ ബ്രിട്ടന് വിദഗ്ധരുടെ സഹായം തേടിയത്.
മുന്‍ ചാരനായ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയയ്ക്കുമെതിരേ പ്രയോഗിച്ച രാസവസ്തുവിന്റെ സാംപിള്‍ ശേഖരിച്ച ശേഷം പോര്‍ട്ടണ്‍ ഡൗണിലെ സൈനിക ഗവേഷണ ലബോറട്ടറിയിലെത്തിച്ചാണു സംഘം പരീക്ഷണം നടത്തുക. ആക്രമണം നടന്ന സാലിസ്ബറിക്കു തൊട്ടടുത്താണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഈ ലബോറട്ടറിയിലെ രാസവസ്തുവാണ് സ്ക്രിപാലിനും മകള്‍ക്കുമെതിരേ പ്രയോഗിച്ചതെന്ന് നേരത്തെ റഷ്യ ആരോപിച്ചിരുന്നു. പരിശോധനാഫലം പുറത്തുവരാന്‍ ചിലപ്പോള്‍ ഒരാഴ്ചയെടുക്കുമെന്നാണു വിവരം.
അതിനിടെ, വിഷയത്തില്‍ ബ്രിട്ടന് അന്താരാഷ്ട്ര പിന്തുണയേറുന്നു. സംഭവത്തെ കുറിച്ച അന്വേഷണത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായി യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. റഷ്യ ബ്രിട്ടന്റെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കണമെന്നും അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രാസവസ്തുവായ നോവിച്ചോക്ക് പൂര്‍ണമായും പുറത്തുനിന്നുള്ള സംഘത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇ.യു പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."