ഗെയില്‍ പദ്ധതിക്കായി പാറ പൊട്ടിച്ചു; വീടുകള്‍ക്ക് കേടുപാട് പറ്റിയതായി പരാതി
മുക്കം: നിര്‍ദിഷ്ട കൊച്ചി - മംഗലാപുരം ഗെയില്‍ പ്രകൃതി വാതക പൈപ്പ് പദ്ധതിക്കായി പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് വീടുകള്‍ക്ക് കേടുപാട് പറ്റിയതായി പരാതി. മുക്കം നഗരസഭയിലെ മാമ്പറ്റ പുതുക്കംപുറത്ത് സത്യന്റെയും സഹോദരനും അയല്‍വാസിയുമായ പ്രേമന്റെയും വീടുകള്‍ക്കാണ് സാരമായി കേടുപാട് പറ്റിയത്.
സത്യന്റെ വീടിന്റെ സണ്‍ ഷെയ്ഡും ചുമരം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സഹോദരന്‍ പ്രേമന്റെ ചുമരിനാണ് കേടുപാട് സംഭവിച്ചത്. പാറ പൊട്ടിച്ചതിന്റെ ആഘാതത്തില്‍ കിണറിന്റെ താഴ്ഭാഗം ഇടിഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു.
സത്യന്റെ വീടിന് തൊട്ടു മുന്നിലൂടെയാണ് വാതകക്കുഴല്‍ കടന്നു പോകുന്നത്. കുഴല്‍ സ്ഥാപിക്കുന്നതിനായി ഒരു മാസം മുമ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. കുഴിയെടുക്കുന്നതിനിടെ ചെങ്കല്‍ പാളികള്‍ കണ്ടതോടെ ഗെയില്‍ അധികൃതര്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ബ്രേക്കര്‍ കൊണ്ടുവന്ന് കുഴിയെടുക്കുകയായിരുന്നു.
ബ്രോക്കര്‍ കൊണ്ടുവന്ന് പാറ പൊട്ടിക്കുന്ന വിവരം അറിയിച്ചില്ലെന്നും സംഭവം ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. ബ്രേക്കര്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചതിനെ തുടര്‍ന്നല്ല വീടിന് കേടുപാട് പറ്റിയതെന്ന നിലപാടിലാണ് അധികൃതര്‍.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരുടെ വീട് പണി ആരംഭിച്ചത്. അതു കൊണ്ട് തന്നെ വീടിന്റെ കാലപ്പഴക്കമല്ല കേടുപാടിന് കാരണമെന്ന് വീട്ടുകാര്‍ പറയുന്നു. കൂലിപ്പണി ചെയ്താണ് ഇരുവരും വീട് നിര്‍മിച്ചത്. മൂന്ന് മാസം മുമ്പ് പ്രേമന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ആ സങ്കടം തീരും മുമ്പാണ് കൂലിപ്പണിയെടുത്ത് നിര്‍മിച്ച വീടിന് കേടുപാട് സംഭവിക്കുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഗെയില്‍ അധികൃതര്‍ക്കും മുക്കം പൊലിസിനും പരാതി നല്‍കുമെന്ന് പുതുക്കംപുറത്ത് പ്രേമന്‍ പറഞ്ഞു. അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."