കുളമ്പ് രോഗം വ്യാപകമാകുന്നു; ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍
ചാരുംമൂട്: ജില്ലയില്‍ കുളമ്പ് രോഗം വ്യാപകമാകുന്നു. മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, കുട്ടനാട്, താലൂക്കുകളിലാണ് കുളമ്പ് രോഗം വ്യാപകമായിരിക്കുന്നത്. ഗോ രക്ഷാ പദ്ധതിയുടെ പരാജയമാണ് രോഗം ഭീതി ജനകമായി വ്യാപിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. കുളമ്പ് രോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷമായി കടലാസിലൊതുങ്ങുകയാണ്.
മൃഗസംരക്ഷണ വകുപ്പും ദേശീയ ക്ഷീര വികസന ബോര്‍ഡും സംയുക്തമായി കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് രോഗം വ്യാപകമാകാന്‍ കാരണം. കടുത്ത ചൂടാണ് രോഗം പടരാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ശക്തിയായ പനി, വായില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുക, കുളമ്പിന്റെ ഇടുക്കുകള്‍ അഴുകുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
ഈ രോഗമുള്ള കന്നുകാലികളില്‍ വായ പൊട്ടുന്നതായും കണ്ടു വരുന്നുണ്ട്. അപൂര്‍വമായി മനുഷ്യരിലും ചില ത്വക്ക് രോഗങ്ങള്‍ക്ക് ഈ രോഗം കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് ഗുരുതരമല്ലന്നും ചൂണ്ടിക്കാട്ടുന്നു.
കുളമ്പുരോഗമുള്ള കന്നുകാലികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണുന്നത്.
നാടന്‍ പശുക്കളില്‍ രോഗ പ്രതിരോധശേഷി കൂടുതലായതിനാല്‍ കുളമ്പ് രോഗം കൂടുതലായും സങ്കരയിനം പശുക്കളിലാണ് കണ്ട് വരുന്നതെന്ന് മൃഗ ഡോക്ടര്‍മാര്‍ പറയുന്നു.
കുളമ്പ് രോഗ ഭീഷണി വീണ്ടും വ്യാപകമായതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലായി. കേരളത്തില്‍ പാല്‍ ഉല്‍പ്പാദന രംഗത്ത് ക്ഷാമം നേരിടുമ്പോള്‍ കുളമ്പ് രോഗം വ്യാപകമാകുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടുന്നു. കവര്‍പാലിനെ ആശ്രയിക്കുന്നതിന്റെ ഇരട്ടിയോളം പേര്‍ പാലിനായി ക്ഷീര കര്‍ഷകരെയാണ് ആശ്രയിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
വര്‍ഷാവര്‍ഷം സര്‍ക്കാരുകള്‍ മൃഗസംരക്ഷണത്തിനായി കോടികള്‍ ചെലവാക്കുന്നതായി പ്രഖ്യാപിക്കുന്നുണ്ടങ്കിലും പ്രാവര്‍ത്തികമാക്കേണ്ട ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതായുള്ള ആക്ഷേപവും ക്ഷീരകര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്. വിവിധ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം കുളമ്പ് രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായില്ലങ്കില്‍ മറ്റൊരു ദുരന്തത്തിലേക്കായിരിക്കും ചെന്നെത്തുന്നതെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."