മരണവിവരം ആദ്യം അറിയിച്ചത് പാര്‍ലമെന്റിനെ; ബന്ധുക്കള്‍ അറിഞ്ഞത് ടി.വിയിലൂടെ
ന്യൂഡല്‍ഹി: ഇറാഖില്‍ കാണാതായ 39 പേരും കൊല്ലപ്പെട്ടിരുന്നുവെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പ് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് വിവാദമാകുന്നു.
സുഷമയുടെ നടപടിക്കെതിരേ ബന്ധുക്കളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്ന് പഞ്ചാബ് സ്വദേശിനി മഞ്ജീത് കൗര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷവും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ച് പ്രതീക്ഷ തരികയായിരുന്നു സര്‍ക്കാരെന്ന് മരിച്ച ഒരാളുടെ ബന്ധു പര്‍മീന്ദര്‍ ലക്കി പറഞ്ഞു. ഇക്കാലയളവില്‍ നിരവധി തവണയാണ് സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടത്. അപ്പോഴെല്ലാം സര്‍ക്കാരിനെ വിശ്വസിക്കാനാണ് അവര്‍ പറഞ്ഞത്. എന്നിട്ടിപ്പോള്‍ അവര്‍ എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.
മരണവിവരം ആദ്യം പാര്‍ലമെന്റിനെ അറിയിച്ച സുഷമയുടെ നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് സി.പി.എം അംഗം മുഹമ്മദ് സലീം ലോക്‌സഭയില്‍ പറഞ്ഞു. വിവരം ഇതുവരെ മറച്ചുവച്ച നപടിയെ ചോദ്യംചെയ്ത രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംബി ആസാദ് മരിച്ചവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഉറ്റവര്‍ മരിച്ച വിവരം ബന്ധുക്കള്‍ക്കും മുന്‍പ് പാര്‍ലമെന്റിനെ അറിയിച്ച നടപടിയെ അംഗങ്ങള്‍ ചോദ്യംചെയ്തപ്പോള്‍, ഇതാണ് സഭയുടെ നടപടിക്രമമെന്നായിരുന്നു സുഷമയുടെ മറുപടി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."