നഗരസഭാ ബജറ്റ് ഇന്ന്; മുന്‍ വര്‍ഷത്തെ പദ്ധതികളില്‍ പലതും ശീതീകരണിയില്‍
തൊടുപുഴ: നഗരസഭയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ മുന്‍വര്‍ഷത്തെ പദ്ധതികളില്‍ പലതും ശീതീകരണിയിലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പദ്ധതിരേഖയിലാണ് മുന്‍വര്‍ഷത്തെ പല സുപ്രധാനപദ്ധതികളും നടപ്പാക്കിയില്ലെന്ന് സൂചിപ്പിച്ചിട്ടുള്ളത്. അടുത്ത വര്‍ഷത്തെ കരട് പദ്ധതിരേഖയുടെ രണ്ടാം അധ്യായത്തില്‍, നടപ്പുവാര്‍ഷികപദ്ധതി അവലോകനത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുള്ളത്.
ഗാന്ധിസ്‌ക്വയര്‍, മുനിസിപ്പല്‍ മൈതാനം തുടങ്ങി ചിലയിടങ്ങളില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന കാലഘട്ടത്തില്‍ ഭരണസമിതിക്കു ചെയ്യാനായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പൊതുവിഭാഗത്തില്‍, പശ്ചാത്തല മേഖലയില്‍ 95 പദ്ധതികളാണ് കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, വെറും നാലെണ്ണം മാത്രമേ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സേവനമേഖലയില്‍ 61 പദ്ധതികള്‍ നിശ്ചയിച്ചിരുന്നതില്‍ പത്തെണ്ണമാണ് പൂര്‍ത്തിയാക്കിയത്. ഉല്‍പാദനമേഖലയില്‍ ആറെണ്ണവും നടപ്പാക്കി. 11 പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്. പൊതുവിഭാഗത്തില്‍ വിവിധ മേഖലകളിലായി ആകെ 36 ശതമാനം തുക ചെലവിട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, ചെലവിട്ടതിന് ആനുപാതികമായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പട്ടികജാതി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഉല്‍പാദനമേഖലയില്‍ പദ്ധതികളൊന്നും ലക്ഷ്യമിട്ടിരുന്നില്ല. സേവനമേഖലയില്‍ 12 പദ്ധതികള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും മൂന്നെണ്ണമാണ് നടപ്പായത്. പശ്ചാത്തലമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച അഞ്ചു പദ്ധതികളും നടപ്പായില്ല. പട്ടികജാതി വിഭാഗത്തിന് കഴിഞ്ഞ പദ്ധതിയില്‍ 1,60,70,970 രൂപയാണ് വകയിരുത്തിയത്. എന്നാല്‍ നാലിലൊന്നു ശതമാനമേ ചെലവഴിച്ചുളളൂ. ആകെ ചെലവാക്കിയത് 24,66,435 രൂപയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 16 വര്‍ഷം മുന്‍പ് മുതല്‍ ബജറ്റില്‍ തുക വകയിരുത്തുന്ന മങ്ങാട്ടുകവലയിലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം ആരംഭിക്കാന്‍ പോലും കഴിയാത്തത് ഇതിന്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. നഗരസഭാ ഓഫീസിനും ടൗണ്‍ഹാളിനും മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് സൗരോര്‍ജം ഉല്‍പാദിപ്പിക്കാനും അതിലൂടെ നഗരസഭയുടെ വൈദ്യുത ചെലവ് ലാഭിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു യൂനിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിച്ചിട്ടില്ല. നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ച് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റോടു കൂടിയ കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മാണത്തിന് കഴിഞ്ഞ പദ്ധതിയില്‍ 40 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ഈ തുക വകമാറ്റാനാണ് കഴിഞ്ഞയാഴ്ച തീരുമാനിച്ചത്.
നിലവിലുള്ള കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും പൊട്ടിയൊലിച്ച് എത്തുന്ന മാലിന്യം സമീപത്തെ ഓടകളിലൂടെ ഒഴുകി ദുര്‍ഗന്ധം പരത്തുന്നുവെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് ഭരണാധികാരികളുടെ ഇത്തരത്തിലുള്ള സമീപനം. ചില പദ്ധതികള്‍ക്കു വേണ്ടി നീക്കിവെച്ച തുക വഴിവിട്ട് ചെലവിട്ടതായും ആരോപണമുണ്ട്. ഇലഞ്ഞിക്കുഴി, കോലാനി തോട് നവീകരണവുമായി ബന്ധപ്പെട്ട് ഇത്തരം ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ 11 ന് നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."