ഇന്ന് ലോക ജലദിനം; ജലക്ഷാമത്തിനു പരിഹാരം പ്രകൃതിയിലുണ്ട്
കോഴിക്കോട്: ഓരോ തുള്ളിയും ജീവാമൃതമാണെന്ന ബോധം വീണ്ടും ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം പ്രകൃതിയില്‍ തന്നെയാണ് ഉത്തരം എന്ന പ്രമേയത്തിലാണ് ജലദിനാചരണം.
ലോകത്ത് കോടിക്കണക്കിന് ആളുകളാണ് ശുദ്ധജലം ലഭിക്കാതെ വലയുന്നത്. കേരളത്തില്‍ ഓരോ ദിവസവും ശുദ്ധജല ലഭ്യത കുറയുകയാണെന്നും സ്രോതസുകള്‍ മലിനമാകുകയാണെന്നും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയെ സംരക്ഷിക്കുക തന്നെയാണ് വെള്ളം ലഭിക്കാനുള്ള വഴിയെന്നും കുന്നുകളും മലകളും വയലുകളും സംരക്ഷിക്കുന്നതിലൂടെ ജലക്ഷാമം തടയാന്‍ സാധിക്കുമെന്നും കേന്ദ്ര ജലവിഭവ വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ മാധവന്‍ കോമത്ത് സുപ്രഭാതത്തോട് പറഞ്ഞു.
ജലക്ഷാമം, വെള്ളപ്പൊക്കം, വരള്‍ച്ച, ജലമലിനീകരണം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നു തന്നെ പരിഹാരമുണ്ടെന്നാണ് ഈ വര്‍ഷത്തെ ജലദിനം നല്‍കുന്ന സന്ദേശം. ലോകത്ത് 2.1 ബില്യന്‍ ജനങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ആഗോളതലത്തിലെ കണക്ക്. 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് ജലദിന ആശയം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് യു.എന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."