സ്വയംഭരണ കോളജുകളില്‍ സിലബസ് പരിഷ്‌കരിക്കാന്‍ സര്‍വകലാശാല അനുമതി വേണ്ട
കൊച്ചി: സ്വയംഭരണാധികാരമുള്ള കോളജുകളില്‍ നിലവിലുള്ള കോഴ്‌സുകളുടെ സിലബസും പാഠ്യപദ്ധതിയും പരിഷ്‌കരിക്കാന്‍ സര്‍വകലാശാലയുടെ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാഠ്യപദ്ധതിയും സിലബസും സ്‌കീമും പരിഷ്‌കരിക്കാന്‍ കോളജിലെ അക്കാദമിക് കൗണ്‍സിലിന്റെ അനുമതി മതിയെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. സ്വയംഭരണാധികാരമുള്ള കോളജുകള്‍ക്ക് നിലവിലെ സിലബസും പാഠ്യപദ്ധതിയും സ്‌കീമും പരിഷ്‌കരിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇത് സര്‍വകലാശാല അംഗീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ബിരുദ കോഴ്‌സ് സിലബസ് പരിഷ്‌കരിക്കാന്‍ 50,000 രൂപയും പി.ജി കോഴ്‌സ് പരിഷ്‌കരണത്തിന് ഒരു ലക്ഷം രൂപയുമാണ് എം.ജി സര്‍വകലാശാല വാങ്ങുന്നതെന്ന് ഹരജിയില്‍ പറയുന്നു.
സിലബസ് പരിഷ്‌കരണത്തില്‍ സര്‍വകലാശാലയ്ക്ക് പങ്കില്ലെന്നിരിക്കെ ഇത്രയും ഭീമമായ ഫീസ് ഈടാക്കാന്‍ കഴിയില്ലെന്നാണ് കോളജുകളുടെ വാദം. എന്നാല്‍ പാഠ്യപദ്ധതി പുതുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍വകലാശാല നിയമം ബാധകമാണെന്ന് എം.ജി സര്‍വകലാശാല അധികൃതര്‍ വാദിച്ചു. പരിഷ്‌കാരം നിലവാരമുള്ളതാണോയെന്ന് പരിശോധിക്കണം. ഇതിനായി ഫീസ് ഈടാക്കാമെന്നും സര്‍വകലാശാല വ്യക്തമാക്കി.
എന്നാല്‍ സിലബസും പാഠ്യപദ്ധതിയും പരീക്ഷാ രീതിയും സ്വന്തമായി നടപ്പാക്കാന്‍ യോഗ്യതയുള്ള കോളജുകള്‍ക്കാണ് സ്വയംഭരണം നല്‍കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കോളജുകള്‍ക്ക് പുതിയ കോഴ്‌സ് തുടങ്ങാന്‍ സര്‍വകലാശാലയുടെ അനുമതി വേണം.
എന്നാല്‍ കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന നിയമ ഭേദഗതിയനുസരിച്ച് സിലബസ് പരിഷ്‌കാരം കോളജിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് ശുപാര്‍ശ ചെയ്യാം. ഇത് അതത് കോളജുകളിലെ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചാല്‍ മതി. ഇതിന് വന്‍ തുക ഫീസായി ഈടാക്കേണ്ടതില്ലെന്നും ഉത്തരവ് പറയുന്നു.
സിലബസ് പരിഷ്‌കരണം അംഗീകരിക്കുന്നതിനു ഭീമമായ ഫീസ് ചുമത്തിയ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ നടപടി ചോദ്യം ചെയ്തു കണ്‍സോര്‍ഷ്യം ഒഫ് ഓട്ടോണമസ് കോളജസ് ഓഫ് കേരള, എറണാകുളം സെന്റ് തെരേസാസ് കോളജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ്, കോതമംഗലം എം.എ കോളജ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിധി.
ഹരജിക്കാരുടെ അപേക്ഷ ഫീസ് ഈടാക്കാതെ പരിഗണിച്ച് തീരുമാനിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."