പെരിന്തല്‍മണ്ണയിലെ മൂന്നാം ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നു
പെരിന്തല്‍മണ്ണ: ഒരുപതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പെരിന്തല്‍മണ്ണയിലെ മൂന്നാം ബസ് സ്റ്റാന്‍ഡ് (ജൂബിലി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്) യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നഗരസഭയുടെ നടപ്പുവര്‍ഷത്തേക്കുള്ള സാമ്പത്തിക ബജറ്റില്‍ മൂന്നാം ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മെയ് മാസത്തോടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനാകുമെന്ന് ബജറ്റ് അവതരണ വേളയില്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ, നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് വിലയിരുത്തുന്ന ജൂബിലി ബസ് സ്റ്റാന്‍ഡ് സ്വപ്നം നിലവിലെ കൗണ്‍സിലിന് യാതാര്‍ഥ്യമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.
ബസ് സ്റ്റാന്‍ഡിനും അനുബന്ധ റോഡുകള്‍ക്കുമായി 13 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 79 സ്ഥലമുടമകള്‍ ചേര്‍ന്ന് സൗജന്യമായി അഞ്ചേക്കര്‍ ഭൂമി നഗരസഭക്ക് കൈമാറിയത്. 2015 ആഗസ്റ്റ് ഏഴിന് സ്റ്റാന്‍ഡിനു തറക്കല്ലിട്ടെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ല. ഒരുവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തീകരിച്ച് സ്റ്റാന്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുമെന്നായിരുന്നു അന്നത്തെ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, നിര്‍മാണസ്ഥലം കൃഷിഭൂമിയാണെന്നും മണ്ണിട്ട് നികത്തിയാണ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതെന്നും കാണിച്ച് 2014 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്ഥലം തരം മാറ്റുന്നതിന് ലഭിച്ച സര്‍ക്കാര്‍ അനുമതി വസ്തുതാപരമായി ചൂണ്ടിക്കാട്ടി ഹൈക്കോടതി മുമ്പാകെ നഗരസഭ മറുപടി നല്‍കി. ഇതോടെ, സ്റ്റേക്ക് പ്രസക്തി നഷ്ട്ടപ്പെട്ടതിനാലാണ് തറക്കല്ലിടല്‍ നടപടിയുമായി നഗരസഭക്ക് മുന്നോട്ട് പോകാനായത്. പിന്നീടും സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ പേരില്‍ നിയമനടപടികളുണ്ടായി.
കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കേസ് അടുത്തമാസത്തോടെ ഒത്തുതീര്‍പ്പാകുമെന്ന് ഉറപ്പായതായും ഇതിന്റെ അടിസ്ഥാനത്തില്‍ മെയ്മാസത്തോടെ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്നുമാണ് ഭരണസമിതിയുടെ ഇപ്പോഴത്തെ വിശദീകരണം. നിലവിലെ ജനകീയ കൗണ്‍സിലിനുകീഴില്‍ആകെ പദ്ധതി വിഹിതമായി 15 കോടി രൂപയും നിര്‍മാണപ്രവര്‍ത്തികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. നഗരത്തില്‍ നിലവില്‍ രണ്ടു സ്റ്റാന്‍ഡുകളുണ്ടെങ്കിലൂം ശരിയായവിധം പ്രയോജനപ്പെടുത്താത്ത അവസ്ഥയാണുള്ളത്. ട്രാഫിക് ക്രമീകരണത്തിലൂടെ ബസ് സ്റ്റാന്‍ഡുകള്‍ സജീവമാക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലപ്രദമായതുമില്ല. രണ്ടു സ്റ്റാന്‍ഡുകളും നഗരത്തിന്റെ ഉള്‍ഭാഗങ്ങളിലായതിനാല്‍ യാത്രക്കാര്‍ക്ക് ഇവിടങ്ങളില്‍ എത്തിപ്പെടാനുള്ള പ്രയാസങ്ങളാണ് ഈ ബസ് ടെര്‍മിനലുകളെ പലപ്പോഴും നിര്‍ജീവമാക്കുന്നത്. ഈ സാഹചര്യത്തില്‍ നഗരമധ്യത്തില്‍ മൂന്നാം ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായാല്‍ ഏറെ ഉപകാരപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."