നരേന്ദ്ര മോദിയുടെ നിശ്ചിത കാലാവധി തൊഴില്‍
എല്ലാ വ്യവസായ മേഖലയിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതുതായി ഇറക്കിയ വിജ്ഞാപനം ഒരേസമയം ജനാധിപത്യവിരുദ്ധവും തൊഴിലാളി ദ്രോഹവുമാണ്. തൊഴില്‍രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന പുതിയ ചട്ടങ്ങള്‍ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ സഭയില്‍ അവതരിപ്പിക്കാതെ കേവലമൊരു സര്‍ക്കാര്‍ ഉത്തരവായി പിന്‍വാതിലിലൂടെ കൊണ്ടുവന്നത് രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയെ അവഹേളിക്കുന്നതിന് തുല്യമാണ്. 1946-ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പുതുതായി ഇറക്കിയ വിജ്ഞാപനം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവുമാണ്. തൊഴിലുടമക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഏത് ജീവനക്കാരനേയും നിശ്ചിത കാലത്തേക്ക് നിയമിക്കാനും തോന്നുമ്പോള്‍ പിരിച്ചുവിടാനും ഇനി തൊഴിലുടമയ്ക്ക് എളുപ്പമാവും.
2003-ല്‍ വാജ്‌പേയി സര്‍ക്കാരാണ് വ്യവസായ-തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി നിശ്ചിത കാലാവധി തൊഴില്‍ രാജ്യത്ത് ആദ്യം നടപ്പാക്കിയത്. വസ്ത്ര നിര്‍മാണ മേഖലയിലായിരുന്നു ഇത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. തുടര്‍ന്ന്, ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കു കൂടി വ്യാപിപ്പിച്ചു. 2016-ല്‍ എല്ലാ വ്യവസായ മേഖലയിലും ഇതു നടപ്പിലാക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ശ്രമിച്ചെങ്കിലും ഭരണ-പ്രതിപക്ഷ ട്രേഡ് യൂനിയനുകള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ സര്‍ക്കാരിനു ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.
അന്ന് താല്‍ക്കാലികമായിട്ടാണെങ്കിലും പിന്തിരിയേണ്ടിവന്ന മോദി സര്‍ക്കാര്‍, കോര്‍പറേറ്റുകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് അതേ ഭേദഗതികള്‍ പൊടിതട്ടിയെടുത്ത് വീണ്ടും കൊണ്ടുവന്നിട്ടുള്ളത്. തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിടാനും വേണ്ടിവന്നാല്‍ തൊഴില്‍ശാലകള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടാനും തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. നിലവില്‍ നൂറില്‍ കൂടുതല്‍ പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ കരാര്‍ നിയമനം പാടില്ല. ഇനി മുതല്‍ അത്തരം ഉപാധികളില്ലാതെ തന്നെ കരാര്‍ നിയമനം ആവാം.
കരാര്‍ തൊഴിലില്‍ ഇടനിലക്കാരനായി കരാറുകാരന്‍ ആവശ്യമായിരുന്നെങ്കില്‍ ഇനി തൊഴിലുടമയ്ക്ക് നേരിട്ട് കരാര്‍ തൊഴിലാളികളെ നിയമിക്കാം. തൊഴിലുടമയും തൊഴിലാളിയും നേരിട്ടായിരിക്കും കരാര്‍. നിശ്ചിത കാലാവധിക്കു ശേഷം കരാര്‍ പുതുക്കിയില്ലെങ്കില്‍ തൊഴിലാളിയെ പിരിച്ചുവിട്ടതായി കണക്കാക്കാം. കാലാവധിക്കു മുമ്പ് പിരിച്ചുവിടാന്‍ ഇനി രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കിയാല്‍ മതി. കുത്തക വ്യവസായികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് പുതിയ തൊഴില്‍ ചട്ടങ്ങള്‍. കേന്ദ്ര ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള ബി.എം.എസിനെ പോലും ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിക്കെതിരെ ട്രേഡ് യൂനിയനുകള്‍ ഒരേ മനസ്സോടെ രംഗത്തു വന്നിരിക്കുകയാണ്.
പുതിയ ഭേദഗതികള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ബി.എം.എസ് ദേശീയ അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിശ്ചിത കാലാവധി തൊഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ തന്നെ യൂനിയനുകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചതാണ്. എന്നിട്ടും തൊഴിലാളിദ്രോഹ നടപടിയില്‍ മോദി സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ അതിന് ഒരു അര്‍ഥമേയുള്ളൂ.
ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ജനങ്ങളോ മുന്നോട്ടു നയിക്കുന്നത് ജനതാല്‍പര്യങ്ങളോ അല്ല, യഥാര്‍ഥ യജമാനന്‍ കോര്‍പറേറ്റുകളാണ്. അവരുടെ നിശ്ചിത കാലാവധി തൊഴിലാളി മാത്രമാണ് മോദി. മുമ്പേ ഇക്കാര്യം വ്യക്തമായതാണ്. പുതിയ തൊഴില്‍ ഭേദഗതികള്‍ അതിന് അടിവരയിടുന്നു എന്നേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."