വിവാദ ഭൂമിയിടപാട്: അനുരഞ്ജനശ്രമം തുടരുന്നു
കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി ഭൂമിയിടപാട് കേസില്‍ അനുരഞ്ജനശ്രമം തുടരുന്നു. കേസ് പരിഹരിക്കുന്നതിനായി സിറോ മലബാര്‍ സഭ സ്ഥിരംസിനഡും കെ.സി.ബി.സിയും കര്‍ദിനാള്‍ വിരുദ്ധ വിഭാഗവുമായി അനുരഞ്ജന ശ്രമങ്ങള്‍ തുടങ്ങി. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വത്തിക്കാന്‍ നേരിട്ടിടപെടുമെന്ന് സിറോ മലബാര്‍ സഭാ നേതൃത്വത്തിനും കെ.സി.ബി.സിക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരക്കിട്ട അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിച്ചത്. സിറോ മലബാര്‍ സ്ഥിരം സിനഡ് മെത്രാന്മാര്, കെ.സി.ബി.സി നേതൃത്വം, വൈദിക സമിതി പ്രതിനിധികള്‍ എന്നിവരുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഭൂമി വില്പന വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും നഷ്ടപ്പെട്ട പണം അതിരൂപതയ്ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഒത്തുതീര്‍പ്പിന് നേതൃത്വം നല്കിയ മെത്രാന്മാര് വൈദിക സമിതി പ്രതിനിധികളോട് ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും വൈദികസമിതിയും വൈദിക സമ്മേളനവും വിളിച്ചു ചേര്‍ത്തതിനുശേഷം മാത്രമെ തീരുമാനം അറിയിക്കാന്‍ കഴിയുകയുള്ളുവെന്നും വൈദികര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകിട്ട് മൂന്നിന് അടിയന്തര വൈദിക സമിതിയോഗവും തിങ്കഴാഴ്ച വൈദിക സമ്മേളനവും വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. എന്നാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതുകൊണ്ടും തെറ്റു സമ്മതിച്ചതുകൊണ്ടും മാത്രം പ്രശ്നം തീരില്ലെന്ന നിലപാടിലാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അല്മായ സംഘടനയും.
മാര്‍പാപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒന്‍പത് കര്‍ദിനാളുമാര്‍ അടങ്ങുന്ന സി-നയന്‍ സമിതി വിഷയം അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."