ആര്‍ഭാട മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങളില്‍ ആഡംബരത്തിന് ചെലവിട്ടത് ലക്ഷങ്ങള്‍
തിരുവനന്തപുരം: ലാളിത്യമാണ് ജീവിതമെന്ന് നാടൊട്ടുക്ക് പറഞ്ഞുനടക്കുന്ന ഇടതുമന്ത്രിമാര്‍ കടംകൊണ്ടു മൂടിയ ഖജനാവില്‍നിന്ന് ആഡംബരത്തിനായി പൊടിച്ചത് 82,35,743 രൂപ.
വീടുകളില്‍ എട്ടു ലക്ഷത്തോളം രൂപയുടെ കര്‍ട്ടനിടുകയും ലക്ഷക്കണക്കിനു രൂപ ചികിത്സാചെലവിന്റെ പേരില്‍ എഴുതിവാങ്ങുകയും നാടുചുറ്റാന്‍ ആഡംബരകാര്‍ വാങ്ങുകയും ചെയ്ത മന്ത്രിമാര്‍ ഔദ്യോഗിക വസതികളുടെ മോടികൂട്ടാനും വന്‍തുക ചെലവാക്കിയെന്ന കണക്കുകളാണ് പുറത്തുവന്നത്.
ക്ഷേമപെന്‍ഷനുകളും മറ്റും നല്‍കാന്‍ ഓടിനടന്ന് കടമെടുക്കുമ്പോഴാണ് ധൂര്‍ത്തിന്റെ കാര്യത്തില്‍ ഇടതുമന്ത്രിമാര്‍ മത്സരിക്കുന്നത്. മന്ത്രിമന്ദിരങ്ങളില്‍ ആഡംബരത്തിന് ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് മുന്‍ വ്യവസായമന്ത്രി ഇ.പി ജയരാജനാണ്. 13,18,937 രൂപ. കര്‍ട്ടനിടലിലും ചികിത്സാ ചെലവിലും ഒന്നാംസ്ഥാനത്തായിരുന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വസതി മോടി കൂട്ടലില്‍ രണ്ടാം സ്ഥാനത്ത്. മന്ത്രി താമസിക്കുന്ന തൈക്കാട് ഹൗസില്‍ 12,42,671 രൂപയുടെ പ്രവൃത്തിയാണ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 9,56,871 രൂപ ചെലവാക്കി മൂന്നാം സ്ഥാനത്തുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാനാണ് ഈ തുക ചെലവഴിച്ചത്. തുറമുഖം- മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ താമസിക്കുന്ന റോസ് ഹൗസിന് 6,31,953 രൂപയും, വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ താമസിക്കുന്ന പെരിയാര്‍ ഹൗസിന് 5,55,684 രൂപയും, സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ താമസിക്കുന്ന അശോക ബംഗ്ലാവിന് 4,89,826 രൂപയും ചെലവാക്കി.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ താമസിക്കുന്ന ലിന്റ് റസ്റ്റ് ബംഗ്ലാവ്- 4,09,441 രൂപ, വനം വകുപ്പ് മന്ത്രി കെ. രാജു താമസിക്കുന്ന അജന്ത ബംഗ്ലാവ്-3,95,078 രൂപ, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ താമസിക്കുന്ന ഉഷസ് ബംഗ്ലാവ്- 3,55,073 രൂപ, കെ.ടി ജലീല്‍ താമസിക്കുന്ന ഗംഗ ബംഗ്ലാവ്- 3,11,153 രൂപ, തോമസ് ഐസക് താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവ്- 3,00,000 രൂപ, ടി.പി രാമകൃഷ്ണന്‍ താമസിക്കുന്ന എസെന്‍ഡീന്‍ ബംഗ്ലാവ്- 2,36,373 രൂപ, ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയും ഇപ്പോള്‍ എ.കെ ശശീന്ദ്രനും താമസിക്കുന്ന കാവേരി ബംഗ്ലാവ്- 2,27,954 രൂപ, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ താമസിക്കുന്ന ഗ്രേസ് ബംഗ്ലാവ്- 2,87,740 രൂപ, കെ.കെ ശൈലജ താമസിക്കുന്ന നിള ബംഗ്ലാവ്- 1,99,612 രൂപ, മാത്യു ടി. തോമസ് താമസിക്കുന്ന പ്രശാന്ത് ബംഗ്ലാവ്- 1,54,210 രൂപ, സി. രവീന്ദ്രനാഥ് താമസിക്കുന്ന പൗര്‍ണമി ബംഗ്ലാവ്- 39,351 രൂപ, എ.കെ ബാലന്‍ താമസിക്കുന്ന പമ്പ ബംഗ്ലാവ്- 90,816 രൂപ എന്നിങ്ങനെയും ചെലവാക്കി.
എന്നാല്‍ വെറും 33,000 രൂപ മാത്രം ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഇക്കാര്യത്തില്‍ മാതൃകയായി. മന്ത്രിമന്ദിരങ്ങള്‍ക്ക് ആഡംബരമൊരുക്കുന്നത് തന്റെ വകുപ്പിന് കീഴിലുള്ളവര്‍ ആണെന്നിരിക്കെയാണ് അദ്ദേഹം ധൂര്‍ത്തില്‍നിന്ന് മാറിനിന്നത്. ധൂര്‍ത്തിന്റെ കാര്യത്തില്‍ കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."