ബ്രെക്‌സിറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഇ.യു അംഗീകാരം
ബ്രസല്‍സ്: ബ്രെക്‌സിറ്റിനുശേഷമുള്ള നയതന്ത്രബന്ധങ്ങളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കി. ബ്രിട്ടനുമായി പുലര്‍ത്തേണ്ട ഭാവി നയതന്ത്രബന്ധങ്ങളെ കുറിച്ചുള്ള മാര്‍ദനിര്‍ദേശ തത്വങ്ങളാണ് ഇതിലുള്ളത്. വ്യാപാര, സുരക്ഷാ മേഖലകള്‍ അടക്കമുള്ള തന്ത്രപ്രധാനമേഖലകളില്‍ സ്വീകരിക്കേണ്ട സമീപനമാണ് രേഖയിലുള്ളത്. അധികം ചര്‍ച്ചയ്‌ക്കെടുക്കാതെ തന്നെ യൂനിയന്‍ ഇതു പാസാക്കുകയായിരുന്നു.
ഇതോടെ അടുത്ത ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ സുഗമമായി നടത്താനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. 2019 മാര്‍ച്ചിലാണ് ബ്രിട്ടന്‍ പൂര്‍ണമായും ഇ.യു വിടുന്നത്. അതിനാല്‍, ഈ വര്‍ഷം അവസാനമാകുന്നതിനു മുന്‍പു തന്നെ ഇരുകക്ഷികളും പരസ്പരം സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച് ഒരു കരാര്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് മധ്യസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ഇനിമുതല്‍ മുഖ്യ മധ്യസ്ഥനായ മൈക്കല്‍ ബാര്‍ണിയര്‍ക്ക് നേരിട്ട് ബ്രിട്ടനുമായി ഭാവി ബന്ധങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനാകും. ഇങ്ങനെ ചര്‍ച്ച നടത്തി അടുത്ത ഒക്ടോബറിനകം ഒരു വിശാലമായ രാഷ്ട്രീയ കരാര്‍ തയാറാക്കാനാണു നീക്കം.
പരസ്പര സഹകരണത്തിന്റെയും അവസരത്തിന്റെയും പുതിയ ഊര്‍ജം ഉടലെടുത്തതായി അനുഭവപ്പെടുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."