മൂന്നാം ടെസ്റ്റ്: ആസ്‌ത്രേലിയക്ക് ബാറ്റിങ് തകര്‍ച്ച
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 311 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 245 റണ്‍സെന്ന നിലയില്‍. ഒരു വിക്കറ്റ് ശേഷിക്കേ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനൊപ്പമെത്താന്‍ ആസ്‌ത്രേലിയക്ക് 66 റണ്‍സ് കൂടി വേണം. 33 റണ്‍സുമായി ടിം പെയ്‌നും ഒരു റണ്ണുമായി ഹാസ്‌ലെവുഡുമാണ് ക്രീസില്‍.
14 പന്തില്‍ 30 റണ്‍സ് വാരി ഡേവിഡ് വാര്‍ണര്‍ ആസ്‌ത്രേലിയക്ക് മിന്നല്‍ തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളയില്‍ ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക കളിയില്‍ പിടിമുറുക്കുകയായിരുന്നു. ബെന്‍ക്രോഫ്റ്റ് (77), വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങുമായി 38 പന്തില്‍ 47 റണ്‍സെടുത്ത് നതാന്‍ ലിയോണ്‍ എന്നിവരും പിടിച്ചുനിന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങിന് മുന്നിലാണ് ഓസീസ് പതറിപ്പോയത്. നാല് വിക്കറ്റുകള്‍ വീഴ്ത്തി മോണ്‍ മോര്‍ക്കല്‍ മുന്നില്‍ നിന്നപ്പോള്‍ റബാഡ മൂന്നും ഫിലാന്‍ഡര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ പുറത്താകാതെ 141 റണ്‍സെടുത്ത ഓപണര്‍ ഡീന്‍ എല്‍ഗാറിന്റെ ശതകക്കരുത്തിലാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടന്നത്. വാലറ്റത്ത് 22 റണ്‍സുമായി റബാഡ ചെറുത്ത് നിന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി. ആസ്‌ത്രേലിയന്‍ നിരയില്‍ പാറ്റ് കമ്മിന്‍സ് നാലും ഹാസ്‌ലെവുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."