ഇന്ന് ലോക ക്ഷയരോഗ ദിനം
ചേവായൂര്‍ (കോഴിക്കോട് ) : ക്ഷയരോഗത്തിന് കാരണമായ ബാക്ടീരിയയെ കണ്ടെത്തി ഒന്നേകാല്‍ നൂറ്റാണ്ടിന് ശേഷവും ഉദ്ദേശിച്ച നിലയിലുള്ള രോഗ നിയന്ത്രണം കൈവരിക്കാനാവാതെ ലോകാരോഗ്യ സംഘടന.1882മാര്‍ച്ച് 24നാണ് ജര്‍മന്‍ ശാസ്ത്രജ്ഞനായ സര്‍ റോബര്‍ട്ട് കോക്കിന്റെ നേതൃത്തത്തിലുള്ള വൈദ്യ സംഘം ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായ ക്ഷയരോഗം പരത്തുന്ന ബാക്ടീരിയയെ കണ്ടെത്തിയത്.മൈക്കോ ബാക്ടീരിയം റ്റിയുബെര്‍ കുലോസിസ് എന്ന ജീവാണുവാണ് രോഗം പരത്തുന്നത് എന്നാണ് സംഘത്തിന്റെ മഹത്തായ കണ്ടെത്തല്‍.പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഏഴില്‍ ഒരാള്‍ എന്ന കണക്കില്‍ ജീവനെടുത്ത ക്ഷയരോഗത്തിന് കാണ്ടുപിടുത്തത്തോടെ തീഷ്ണത കുറഞ്ഞെങ്കിലും ആരോഗ്യ മേഖല ലക്ഷ്യമിട്ട നിയന്ത്രണം കൈവരിക്കാനായിട്ടില്ല.
ലോകത്തുള്ള ക്ഷയരോഗികളില്‍ 24ശതമാനവും ഇന്ത്യക്കാരാണ് എന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.വര്‍ഷം തോറും അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍ ക്ഷയം പിടിപെട്ട് മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.2000ത്തില്‍ ചേര്‍ന്ന ജി 8ഉച്ചകോടി സമ്മേളനം 15വര്‍ഷത്തിനിടക്ക് ക്ഷയരോഗികളുടെ എണ്ണം പകുതിയോളം കുറയ്ക്കാന്‍ ലക്ഷ്യമിട്ടിരുന്നങ്കിലും ഇത് സാക്ഷാത്കരിക്കാനായില്ല.രോഗത്തിന് മരുന്നും വാക്‌സിനും ലഭ്യമാണെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും ആശാവഹമല്ല.കൃത്യമായ ചികിത്സ ലഭിച്ചാല്‍ രോഗം പൂര്‍ണമായും ഭേതമാകുമെന്നാണ് ആശുപത്രി രേഖകളില്‍ കാണുന്നത്. രണ്ടാഴ്ച്ച നിര്‍ത്താത്ത ചുമ,രക്തം തുപ്പല്‍,തുടര്‍ച്ചയായ പനി,ശരീരം മെലിയല്‍ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.പ്രതിരോധ ശക്തി കുറഞ്ഞവരെയും മദ്യപാനികള്‍,പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍,ഷുഗര്‍,എച്ച്‌ഐവി തുടങ്ങിയ രോഗികള്‍ എന്നിവരെയും രോഗം പെട്ടന്ന് കീഴടക്കുന്നു.രണ്ട് വിധത്തില്‍ കഫം പരിശോധിച്ച് രോഗികളെ തരം തിരിച്ചാണ് ചികിത്സ നല്‍കുന്നത്.ആറുമാസം തുടര്‍ച്ചയായ ചികിത്സ ലഭിച്ചാല്‍ രോഗം ഭേതപ്പെടും.എന്നാല്‍ ചികില്‍ സക്കിടെ രോഗം അല്പമൊന്നു ശമിച്ചാല്‍ തുടര്‍ന്ന് ചികില്‍സിക്കാന്‍ രോഗി തയ്യാറാവാത്തതാണ് പ്രശ്‌നമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ:ടിപി രാജഗോപാല്‍ പറയുന്നു.പകുതിയില്‍ വെച്ച് ചികിത്സ മതിയാക്കുമ്പോള്‍ രോഗി കഴിച്ച മരുന്നിനെ അതിജീവിക്കുന്ന രോഗാണു പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സക്കായി രജിസ്റ്റര്‍ ചെയ്യുന്ന രോഗിയെ ആശുപത്രിയില്‍ നിന്ന് നേരിട്ടുതന്നെ മരുന്ന് കഴിപ്പിക്കുന്ന രീതിയാണിപ്പോള്‍ നടക്കുന്നത്.ഇത് ഏറെ ഗുണകരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പോഷകാഹാരത്തിന്റെ കുറവാണ് കുട്ടികളിലെ ക്ഷയരോഗത്തിന് കാരണമാകുന്നത്.ദേശീയ കുടുംബാരോഗ്യ സര്‍വെപ്രകാരം ഇന്ത്യയിലെ 39ശതമാനം വളര്‍ച്ച മുരടിച്ചവരും 36ശതമാനം ഭാരക്കുറവുള്ളവരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."