സി.പി.എമ്മിന്റെ നാടുകാവല്‍ സമരം ഇന്ന്: സംരക്ഷണത്തിന് അഞ്ച് കമ്പനി പൊലിസ്; രഹസ്യ കാമറകള്‍ സ്ഥാപിച്ചു തുടങ്ങി
തളിപ്പറമ്പ്: സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കീഴാറ്റൂര്‍ ഇന്നു മുതല്‍ സായുധ പൊലിസ് വലയത്തില്‍. എസ്.പി ജി. ശിവവിക്രം, ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, കെ.വി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐമാരടക്കമുള്ള പൊലിസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരിക്കും കീഴാറ്റൂരില്‍ സുരക്ഷാവലയം സൃഷ്ടിക്കുക. മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തളിപ്പറമ്പ് ടൗണ്‍ മുതല്‍ കീഴാറ്റൂര്‍ വരെ രഹസ്യകാമറകള്‍ സ്ഥാപിച്ചുതുടങ്ങി.
സി.പി.എമ്മിന്റെ നേതൃത്വത്തിലുളള കീഴാറ്റൂര്‍ സംരക്ഷണ ജനകിയ സമിതി ഇന്ന് കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പ് ടൗണിലേക്ക് ജനജാഗ്രതാ മാര്‍ച്ചും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. സി.പി.എം നോതാക്കളായ എം.വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.കെ രാഗേഷ്, ജയിംസ് മാത്യു, ടി.വി രാജേഷ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. നാളെയാണ് തളിപ്പറമ്പ് ടൗണില്‍നിന്നു കീഴാറ്റൂരിലേക്ക് വയല്‍സമരക്കാരുടെ മാര്‍ച്ച്. ഇരുമാര്‍ച്ചുകള്‍ക്കിടയിലും സംഘര്‍ഷം അരങ്ങേറാന്‍ ഇടയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് ജില്ലാ പൊലിസ് ചീഫിന്റെ ഉത്തരവ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തീവ്രവാദ അരാജക പശ്ചാത്തലമുള്ള സംഘടനകളും പ്രവര്‍ത്തകരും വയല്‍സമരക്കാരുടെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും നാടിന്റെ സമാധാനാന്തരീഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളള ഇത്തരം നീക്കം തടയണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍കരുതല്‍ നടപടികളിലൂടെ സംഘര്‍ഷാവസ്ഥ മറികടക്കാനാണ് പൊലിസിന്റെ തിരുമാനം. കീഴാറ്റൂര്‍, കീഴാറ്റൂരിലേക്കുള്ള റോഡുകള്‍, തൃച്ഛംബരത്തിന്റെ കിഴക്ക് ഭാഗം, തളിപ്പറമ്പ് ടൗണ്‍ എന്നിങ്ങിനെ പ്രത്യേക മേഖലകളാക്കി തിരിച്ച് അക്രമ സംഭവങ്ങള്‍ തടയാന്‍ ഡി.വൈ.എസ്.പിമാര്‍ക്ക് ചുമതല നല്‍കും. വയല്‍ക്കിളി നേതാവിന്റെയും സി.പി.എം അംഗം ടി. അനിതയുടെയും വീടുകള്‍ ആക്രമിച്ച സാഹചര്യത്തില്‍ മാര്‍ച്ചിനിടെ ഏതെങ്കിലും രൂപത്തിലുള്ള അനിഷ്ടസംഭവം പ്രതീക്ഷിക്കുന്നതിനാല്‍ പൊലിസ് അതീവ ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."