കരിപ്പൂരില്‍ റണ്‍വേ ഇന്നുമുതല്‍ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ അടച്ചിടും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിസ നിര്‍മാണത്തിന്റെ ഭാഗമായി ഇന്നുമുതല്‍ റണ്‍വേ പകല്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി അടച്ചിടും. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാലാണ് ഇന്നുമുതല്‍ ജൂണ്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ട് വരെ റണ്‍വേ അടച്ചിടുന്നത്. ഈ സമയങ്ങളിലുള്ള വിമാനങ്ങളെല്ലാം ഇന്ന് മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 15 മുതലാണ് റിസ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. റണ്‍വേയില്‍ നിന്ന് വിമാനങ്ങള്‍ തെന്നിനീങ്ങിയുള്ള അപകടമൊഴിവാക്കുന്നതിനുള്ള ചതുപ്പു പോലുള്ള ഭാഗമാണ് റിസ. ഇതിനായി ഉച്ചക്ക് 12 മുതല്‍ 2.30 വരെയും വൈകിട്ട് 3.30 മുതല്‍ ഏഴ് വരെയും റണ്‍വേ അടച്ചു പ്രവൃത്തികള്‍ നടത്തിവരികയായിരുന്നു. മണല്‍ ലഭ്യമാകാത്തതിനാല്‍ എംസാന്‍ഡ് നിരത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക.
റിസ നിര്‍മാണത്തിനാവശ്യമായ മണ്ണ് ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജൂണ്‍ 15ന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്ന് മണ്ണെടുക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി മലപ്പുറം ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ജിയോളജി വകുപ്പില്‍ നിന്നുള്ള അനുമതി വൈകുകയാണ്.
ദേശീയപാത അതോറിറ്റിയുടെ എന്‍.ഒ.സിയും പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയില്‍ നിന്ന് പരിസ്ഥിതി സര്‍ട്ടിഫിക്കറ്റും ജിയോളജി വിഭാഗത്തില്‍ എത്തിയാല്‍ മാത്രമെ മണ്ണെടുക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.
കരിപ്പൂരില്‍ നിന്നുള്ള വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം ഇന്നു മുതല്‍ ഹൈദരാബാദിലേക്ക് ഇന്‍ഡിഗോയുടെ പുതിയ സര്‍വിസ് ആരംഭിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.15ന് ഹൈദരാബാദിലെത്തും.തിരിച്ച് വൈകിട്ട് 6.20ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.05ന് കരിപ്പൂരിലെത്തും.
ഉച്ച്ക്കുണ്ടായിരുന്ന ഷാര്‍ജ സര്‍വിസിന്റെ സമയം രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി 10.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒരു മണിക്കാണ് ഷാര്‍ജയിലെത്തുക. നിലവില്‍ ഉച്ചക്ക് 3.05ന് മുംബൈയിലേക്കുണ്ടായിരുന്ന ജെറ്റ്എയര്‍വേയ്‌സ് വിമാനം ഇന്ന് മുതല്‍ രാവിലെ 11ന് പുറപ്പെടും.
ഉച്ചക്ക് 2.35 നുണ്ടായിരുന്ന ജെറ്റ് എയര്‍വേസിന്റെ ബംഗളൂരു വിമാനവും രാവിലെ 11.50നാണ് പുതിയ ഷെഡ്യൂള്‍ പ്രകാരം പുറപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."