ഇടനിലക്കാരുടെ ചൂഷണത്തിന് അറുതി: കര്‍ഷകനും ഉപഭോക്താവിനും ആശ്വാസമേകി പച്ചക്കറി തട്ടുകട
ബി.എസ് കുമാര്‍
ഏറ്റുമാനൂര്‍: ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷ നേടാന്‍ കര്‍ഷകര്‍ ഒത്തുചേര്‍ന്നപ്പോള്‍ ആശ്വാസമായത് ഉപഭോക്താക്കള്‍ക്ക്. ഏറ്റുമാനൂര്‍ തെള്ളകം പാടത്തെ ഒരു വിഭാഗം കര്‍ഷകരാണ് ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷനേടാന്‍ പച്ചക്കറികള്‍ നേരിട്ട് ഉപഭോക്താവിന് ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതോടെ പച്ചക്കറികള്‍ വിപണി വിലയിലും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങി. ശനിയാഴ്ചയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പച്ചക്കറി തട്ടുകടക്ക് തുടക്കമായത്.
നിലവില്‍ റോഡരികില്‍ ചെറിയൊരു തട്ടുകട സ്ഥാപിച്ചാണ് കച്ചവടം നടത്തുന്നത്. കര്‍ഷകരില്‍നിന്ന് തുച്ഛമായ വിലയ്ക്ക് പച്ചക്കറിയെടുത്ത് ഇരട്ടിവിലയില്‍ വിപണിയിലെത്തിക്കുന്ന ഇടനിലക്കാരില്‍നിന്ന് രക്ഷനേടാനും ഉപഭോക്താവിനും കര്‍ഷകര്‍ക്കും ആശ്വാസമാകുന്ന തരത്തില്‍ വില്‍പന നടത്താനുമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് കര്‍ഷകരായ ബാബു പഴയംപ്ലാട്ട്, മോന്‍സി പേരുമാലില്‍, ലാലന്‍ കുര്യാക്കോസ്, ബിജു എന്നിവര്‍ പറയുന്നു. പേരൂര്‍ റോഡില്‍ കുഴിചാലിപടിക്ക് സമീപം ആരംഭിച്ച തട്ടുകടയില്‍ നാടന്‍ പയറും ചീരയും കപ്പയും വാഴച്ചുണ്ടുമാണ് ആദ്യമെത്തിയിരുന്നത്.
കര്‍ഷകരുടെ നന്മ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ സ്വാശ്രയ സംഘങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഒരു പ്രയോജനവും ഇല്ലെന്നു കര്‍ഷകര്‍ പറയുന്നു. പലയിടത്തും സൊസൈറ്റികള്‍ ചില വ്യക്തികള്‍ കൈയടക്കിയിരിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."