പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍; കാരുണ്യപദ്ധതി നടപടികളില്‍ കാലതാമസം
തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നല്‍കുന്നതിനുള്ള കാരുണ്യപദ്ധതിയുടെ നടപടികളില്‍ കാലതാമസം നേരിടുന്നു. വ്യവസ്ഥകളിലെ സങ്കീര്‍ണത കാരണം നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ ധനസഹായം ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നു.
2009ലാണ് പദ്ധതി ആരംഭിച്ചത്. എംബസിയോ മരിച്ച പ്രവാസികളുടെ സ്‌പോണ്‍സര്‍മാരോ ഈ വിഷയത്തില്‍ ഇടപെട്ട് തുക ചെലവഴിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്ന സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്ന് വാങ്ങണമെന്ന വ്യവസ്ഥയാണ് നടപടിക്രമങ്ങളിലെ കാലതാമസിത്തിനു പ്രധാന കാരണമാകുന്നത്. എംബസികളില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പലപ്പോഴും പ്രയാസം നേരിടുന്നു.
പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിരവധി പരാതികള്‍ നിയമസഭാ സമിതിക്കു ലഭിച്ചിരുന്നു. അതു പരിശോധിച്ച സമിതി, കാരുണ്യ പദ്ധതി പ്രകാരം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനും വേണ്ടി രൂപീകരിച്ച പ്രവാസികാര്യ കമ്മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് ഇതിനു കാരണമാകുന്നത്.
നൂറുകണക്കിനു കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കിടക്കുമ്പോള്‍ കമ്മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെ പോകുന്നത് ഗൗരവമേറിയ വിഷയമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഗള്‍ഫ് മലയാളികളുടെ നിത്യ ആശങ്കയായ വിമാനയാത്രക്കൂലി വര്‍ധന സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്സവകാലത്തും അടിയന്തിര ഘട്ടങ്ങളിലും സമ്പാദ്യം മുഴുവന്‍ ചെലവിട്ട് നാട്ടിലെത്തേണ്ട ഗതികേടിലാണ് പ്രവാസി മലയാളികള്‍. കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്ന ഈ വിഷയത്തില്‍ എത്രയുംവേഗം അനുകൂല നടപടിയുണ്ടാകണമെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."