കാട്ടുതീയും വേനല്‍മഴയും; കര്‍ഷകര്‍ക്കുണ്ടായത് വന്‍നഷ്ടം
തൊടുപുഴ: കാട്ടുതീയിലും വേനല്‍മഴയിലും ഇടുക്കിയിലുണ്ടായത് കനത്ത കൃഷിനാശം. ഒരു മാസത്തിനിടയില്‍ 16.5 ഹെക്ടര്‍ കൃഷിഭൂമിയാണു കാട്ടുതീയില്‍ നശിച്ചത്. വേനല്‍മഴയില്‍ 42.72 ഹെക്ടര്‍ കൃഷിഭൂമി നശിച്ചതായും കൃഷിവകുപ്പിന്റെ കണക്കെടുപ്പില്‍ കണ്ടെത്തി. ഈ വര്‍ഷം 699.3 ഹെക്ടര്‍ വനഭൂമി കാട്ടുതീയില്‍ നശിച്ചതു കൂടാതെയാണു കൃഷിഭൂമിയുടെ നഷ്ടക്കണക്കും പുറത്തു വന്നിരിക്കുന്നത്. കാട്ടുതീമൂലമുള്ള കൃഷിനാശം 25.4 ലക്ഷം രൂപയാണെന്നാണു കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട്.
രണ്ടാഴ്ച മുന്‍പുണ്ടായ വേനല്‍മഴ ജില്ലയില്‍ വന്‍നാശമാണു വിതച്ചത്. 42 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷികവിളകളെ ബാധിച്ച മഴയില്‍ ആകെ 29.38 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വേനല്‍മഴയില്‍ 133 കര്‍ഷകരുടെയും കാട്ടുതീയില്‍ 29 കര്‍ഷകരുടെയും കൃഷി നശിച്ചു. വരള്‍ച്ചമൂലമുണ്ടായ കൃഷിനാശം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. വേനല്‍മഴ ശക്തമായിടത്തു മാത്രമാണു വന്‍കൃഷിനാശമുണ്ടായത്. മറ്റു സ്ഥലങ്ങളിലെല്ലാം വേനല്‍മഴ കൃഷിക്ക് അനുയോജ്യമായ തരത്തിലായിരുന്നു. കാട്ടുതീകൊണ്ട് ഏറ്റവും നഷ്ടമുണ്ടായതു റബര്‍ കര്‍ഷകര്‍ക്കാണ്. ജില്ലയില്‍ ആകെ 3200 റബര്‍മരങ്ങള്‍ തീയില്‍ നശിച്ചു.
വേനല്‍മഴ വാഴക്കര്‍ഷകരെയാണ് ഏറ്റവുമധികം ബാധിച്ചത്. 10662 വാഴകള്‍ വേനല്‍മഴയില്‍ നശിച്ചു. വേനലില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് ഏലം കൃഷിക്കാരാണ്. ഹൈറേഞ്ചിലെ മിക്ക ഏലത്തോട്ടങ്ങളിലും ജലസേചനം കാര്യക്ഷമമായി നടക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം വിലത്തകര്‍ച്ചയും കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി.
അടുത്ത സീസണില്‍ ഭേദപ്പെട്ട വില ലഭിക്കുമെന്നു പ്രതീക്ഷിച്ചു മരുന്നും വളവും പ്രയോഗിച്ചു നിലനിര്‍ത്തിയിരുന്ന ഏലക്കാടുകളാണ് വെള്ളമില്ലാതെ കരിയുന്നത്. ഇതോടെ മിക്ക തോട്ടം ഉടമകളും തോട്ടം ഉപേക്ഷിക്കേണ്ട സ്ഥിതിയിലുമെത്തി. മിക്ക തോട്ടങ്ങളിലും പണി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കൂള്‍ സീസണ്‍ കൂടിയാകുന്നതോടെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാകും. വന്‍കിട തോട്ടങ്ങളില്‍ ജലസേചനം കൃത്യമായി നടക്കുന്നുണ്ട്. കടുത്ത വേനലില്‍ ശുദ്ധജലത്തിനുപോലും ക്ഷാമം നേരിടുമ്പോള്‍ കൃഷിയിടങ്ങള്‍ നനയ്ക്കാനാകാതെ ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു.
ബൈസണ്‍വാലി മുട്ടുകാട് പാടശേഖരം ഉള്‍പ്പെടെ പല മേഖലകളിലും നെല്‍ക്കൃഷിയെയും വേനല്‍ ബാധിച്ചു. പുല്‍മേടുകള്‍ കരിഞ്ഞുണങ്ങുന്നതിനാല്‍ കന്നുകാലികളും പട്ടിണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."