യു.ഡി.എഫ് സംഘം കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചു
തളിപ്പറമ്പ്: കീഴാറ്റൂര്‍ വിഷയം പഠിക്കാന്‍ യു.ഡി.എഫ് സംഘം കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചു. കെ. സുധാകരന്‍, ബെന്നി ബഹനാന്‍, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ഉച്ചയോടെ കീഴാറ്റൂര്‍ വയലില്‍ എത്തിയത്. ഇവര്‍ വയല്‍ക്കിളി പ്രവര്‍ത്തകരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ബൈപാസ് വികസനം അനിവാര്യമാണെന്നും എന്നാല്‍ അത് ജനവാസ മേഖലയെയും പരിസ്ഥിതിയെയും ഒഴിവാക്കിയുള്ളതാവണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കീഴാറ്റൂരില്‍ സമരക്കാര്‍ക്ക് അനുകൂലമോ പ്രതികൂലമോ ആയ നിലപാട് യു.ഡി.എഫ് സ്വീകരിച്ചിട്ടില്ല. കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കുള്ള എല്ലാ സാധ്യതയും ആരായും.
അതോടൊപ്പം മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിട്ടുളള സ്ഥലങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും വിശദമായ പഠനം നടത്തി യു.ഡി.എഫ് നിലപാട് രണ്ടു ദിവസത്തിനകം നിലപാട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബൈപാസ് നിര്‍മാണത്തിനെതിരെ സമരം തുടങ്ങിയത് സി.പി.എമ്മാണ്. കീഴാറ്റൂര്‍ വയലില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൃഷി പുനരാരംഭിച്ചത് എം.എല്‍.എ ജയിംസ് മാത്യുവിന്റെ നേതൃത്വത്തിലാണ്. ഇതു രണ്ടും വേണ്ട എന്നു തീരുമാനമെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നത് പറയാനുളള ബാധ്യത സി.പി.എം നേതൃത്വത്തിനുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കീഴാറ്റൂര്‍ സമരവുമായി സഹകരിക്കുന്നതിനെയും അഭിപ്രായ പ്രകടനം നടത്തുന്നതിനെകുറിച്ചും ലീഗ് പിന്തുണ നല്‍കുന്നതിനെ കുറിച്ചും ചോദിച്ചപ്പോള്‍ അത് യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ അഭിപ്രായമല്ലെന്നും വ്യക്തിപരമായതാണെന്നും നേതാക്കള്‍ മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."