കുന്നിനെ മെരുക്കി റോഡുണ്ടാക്കിയ ശശിയ്ക്ക് ഇനി യാത്ര യന്ത്രക്കസേരയില്‍
കാട്ടാക്കട: കുന്നിനെ മെരുക്കി റോഡുണ്ടാക്കിയ ശശിക്ക് ഇനി യാത്ര യന്ത്രക്കസേരയില്‍. തളര്‍ന്ന ശരീരത്തിലെ ഉറച്ച മനസുമായി കുന്നുകീറി തനിയെ വെട്ടിയ വഴിയിലൂടെയാണ് ശശിയുടെ യാത്ര. വിളപ്പില്‍ശാല കാരോട് തെങ്ങിന്‍തോട്ടത്തില്‍ മേലെപുത്തന്‍ വീട്ടില്‍ 60 വയസുകാരന്‍ ശശി നാലുവര്‍ഷം മുന്‍പാണ് നൂറ്റന്‍പത് അടിയിലേറെ ഉയരമുള്ള കുന്നിലൂടെ പിക്കാസും തൂമ്പയുംകൊണ്ട് പൊരുതി വഴിവെട്ടിയത്.
തെങ്ങുകയറ്റക്കാരനായ ശശി ജോലിക്കിടെ വീണാണ് ശരീരംതളര്‍ന്നത്. കൈകള്‍ നിവര്‍ത്താനൊ എഴുന്നേറ്റ് നില്‍ക്കാനൊ കഴിയാത്തപ്പോഴാണ് മണ്ണില്‍ ഇരുന്നും നിരങ്ങിയും അഞ്ചടി വീതിയുള്ള വഴി മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത്.
ശരീരം തളര്‍ന്നപ്പോള്‍ സഞ്ചരിക്കാന്‍ ഒരു മുച്ചക്രസ്‌കൂട്ടര്‍ വേണമെന്നാവശ്യപ്പെട്ട ശശിയോട് വാഹനം കൊണ്ടുപോകാന്‍ വീട്ടിലേക്ക് വഴിയില്ലല്ലോ എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുചോദ്യം. ഇതായിരുന്നു 200 മീറ്റര്‍ വരുന്ന വഴി വെട്ടുന്നതിന് ശശിയുടെ മനസുണര്‍ത്തിയത്. വഴി തുറന്നിട്ടും വാഹനംനല്‍കാന്‍ പഞ്ചായത്ത് തയാറായില്ല. പിന്നെ ശശിയുടെ ജീവിത കഥ അറിഞ്ഞവര്‍ മുച്ചക്ക്ര സ്‌കൂട്ടര്‍ സമ്മാനിക്കുകായിരുന്നു. എന്നാലിത് ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമായിരുന്നു. കൈപ്പത്തി തുറന്ന് വാഹനം ഓടിക്കാന്‍ കഴിയാത്തതിനാല്‍ അതുനടന്നില്ല. പിന്നെ മനസിന് വഴങ്ങാത്ത കൈകാലുകള്‍ നീട്ടിവലിച്ച് നിരങ്ങിയുള്ള യാത്രയിലായിരുന്നു ശശി.
അപ്രതീക്ഷിതമായാണ് വി.എസ്.എസ്.സി.യിലെ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ 65,000 രുപ വിലയുള്ള യന്ത്രക്കസേര കഴിഞ്ഞദിവസം ശശിക്ക് സമ്മാനിച്ചത്. ആന്‍ട്രിക്‌സ് സി.എം.ഡി രാകേഷിന്റെ നേതൃത്വത്തിലാണ് യന്ത്രക്കസേര നല്‍കിയത്. ശശി തുറന്ന വഴിക്ക് നാട്ടുകാര്‍ ശശിയുടെ പേരു നല്‍കി ആദരവറിയിച്ചിട്ടും മണ്ണിടിഞ്ഞു തകരുന്ന ഈ പൊതുവഴി സംരക്ഷിക്കാമെന്ന് വിളപ്പില്‍ പഞ്ചായത്ത് നല്‍കിയ വാഗ്ദാനവും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."