കുടിവെള്ള പദ്ധതിക്ക് ഭൂമി സൗജന്യമായി നല്‍കിയവര്‍ക്ക് ദുരിതം: പദ്ധതി പ്രദേശം സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയതായി പരാതി
ബദിയഡുക്ക: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിവെള്ള പദ്ധതിക്ക് വേണ്ടി നിര്‍മിച്ച പമ്പ് ഷെഡ്ഡ് സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയതായി പരാതി. കാറഡുക്ക പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ പെരിയടുക്ക കോളനിയിലെ പമ്പ് ഷെഡ്ഡിലാണ് സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നത്. ഇതുസംബന്ധിച്ച് കോളനി നിവാസിയായ സഞ്ചീവ ആദൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി.
20വര്‍ഷം മുന്‍പ് കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണനായി സഞ്ചീവ കാറഡുക്ക പഞ്ചായത്തിന് തന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവിടെ പമ്പ് ഷെഡ്ഡ്, ടാങ്ക് എന്നിവ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും മോട്ടോര്‍ സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല.
അതേസമയം 20 വര്‍ഷമായി കോളനി നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നാണ് പരാതി. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവിടെ കിണറും കുഴല്‍ കിണറും നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."