ജില്ലയിലെ കെട്ടിട നികുതി പിരിവ്: സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍
തൃശൂര്‍ : ജില്ലയിലെ കെട്ടിട നികുതി പിരിവില്‍ വന്‍ വര്‍ധന. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണു ജില്ലയിലെ കെട്ടിട നികുതി പിരിവെന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 86 ഗ്രാമ പഞ്ചായത്തുകളിലായി 80 ശതമാനം വസ്തുനികുതി പിരിവ് ഇതിനോടകം നടത്താന്‍ സാധിച്ചു.
31 നകം നികുതി അടക്കുന്നവര്‍ക്കു സര്‍ക്കാര്‍ പിഴപലിശ ഒഴിവാക്കിയതു കൊണ്ടു കൂടിയാണു ഈ വര്‍ധന. ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെ 51 കോടി രൂപയാണു ഈ ഇനത്തില്‍ പിരിച്ചിട്ടുളളത്. ഇതില്‍ ഒന്‍പതു ഗ്രാമപഞ്ചായത്തുകള്‍ ഒരു കോടി രൂപയ്ക്കു മേല്‍ പിരിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ഗ്രാമപഞ്ചായത്ത് മാത്രമാണു ഈ നേട്ടം കൈവരിച്ചിരുന്നത്.
നിലവില്‍ 55 ഗ്രാമപഞ്ചായത്തുകള്‍ 80 ശതമാനത്തിനു മുകളിലും 30 ഗ്രാമപഞ്ചായത്തുകള്‍ 90 ശതമാനത്തിനു മുകളിലും നികുതി പിരിവ് നടത്തിയിട്ടുണ്ട്. മൂന്നു പഞ്ചായത്തുകളാണു 100 ശതമാനം നികുതി പിരിവു ലക്ഷ്യം കൈവരിച്ചത്. 31 നകം 30 ഗ്രാമപഞ്ചായത്തുകള്‍ക്കു 100 ശതമാനം വസ്തുനികുതി പിരിവ് കൈവരിക്കാനാകും എന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നു ഗ്രാമപഞ്ചായത്തുകള്‍ക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായുളളൂ. മൊബൈല്‍ ഫോണ്‍ വഴിയും നികുതി അടക്കാനുളള സൗകര്യം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ടവര്‍ ഉള്‍പ്പെടെ നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി, ജപ്തി, പ്രോസിക്യൂഷന്‍ നടപടികളും ആരംഭിച്ചു കഴിഞ്ഞു. പിഴപലിശ ഒഴിവാക്കിയ സാഹചര്യത്തില്‍ നികുതി അടയ്ക്കാനുളളവര്‍ 31 നകം തന്നെ നികുതി അടച്ച് നിയമനടപടികള്‍ നിന്നു ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."