എം.സി റോഡ് വികസനം ഇനിയും നീളും
ഏറ്റുമാനൂര്‍: ടൗണിലെ ട്രാഫിക്ക്കുരുക്കിന് താല്‍ക്കാലിക പരിഹാരമായി ഗതാഗതക്രമീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം.
മഴ തുടങ്ങിയതോടെ എം.സി റോഡ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണിത്. എം.എല്‍.എ കെ.സുരേഷ് കുറുപ്പിന്റെ നിര്‍ദേശ പ്രകാരം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ജയകുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ ഏറ്റുമാനൂരിലെ പൊതുപ്രവര്‍ത്തകരും വ്യാപാരികളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും പ്രതിനിധികളും പങ്കെടുത്തു.
പേരൂര്‍ റോഡില്‍ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിന് മുന്നില്‍ വരെയുള്ള സ്വകാര്യ പാര്‍ക്കിങ് അവസാനിപ്പിക്കും. കൂടുതല്‍ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന പേരൂര്‍ കവലയില്‍ നിലവിലുള്ള ഹോം ഗാര്‍ഡിനു പുറമെ ഒരു പൊലിസുകാരനെ കൂടി അനുവദിക്കും. അതിരമ്പുഴ റോഡിലും പേരൂര്‍ കവലയിലും ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കുന്നത് നിരോധിക്കും.
അതേ സമയം റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്ക് നേരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
റോഡ് നിര്‍മാണം പൂര്‍ത്തിയാകാന്‍ രണ്ട് മാസമെങ്കിലുമെടുക്കുമെന്ന് കരാറെടുത്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രതിനിധി അറിയിച്ചു.
കലുങ്ക് നിര്‍മ്മാണം ആരംഭിക്കും മുമ്പേ റോഡ് കൊത്തിയിളക്കിയിട്ടതും ഓടകള്‍ക്കും കലുങ്കുകള്‍ക്കും അശാസ്ത്രീയ രീതിയില്‍ കുഴിയെടുത്തിരിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതും യോഗത്തില്‍ ചൂണ്ടികാണിക്കപ്പെട്ടു. ഒട്ടേറെ വഴിയാത്രക്കാര്‍ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നത് തടയാന്‍ ഓടകള്‍ക്കു മീതെ എത്രയും പെട്ടെന്ന് സ്ലാബ് ഇടുവാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
ഏറ്റുമാനൂര്‍ ജനമൈത്രി പൊലിസ് സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ പി.എസ്. വിനോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍.പി.തോമസ്, ജനറല്‍ സെക്രട്ടറി സജീവ്, കെ.എന്‍.വേണിഗോപാല്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്.ബിജു, മീഡിയാ സെന്റര്‍ പ്രസിഡന്റ് രാജു കുടിലില്‍, സെക്രട്ടറി ബി.സുനില്‍കുമാര്‍, എ.ആര്‍.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."