ചൈന ബാധ്യതയായിരിക്കുന്നു, ഇന്ത്യയും ജപ്പാനും സഹായിക്കണമെന്ന് ശ്രീലങ്ക
കൊളംബോ: രാജ്യത്തെ നിര്‍മാണ പ്രവൃത്തികള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് ബാധ്യതയായിരിക്കുകയാണെന്ന് ശ്രീലങ്ക. ചൈനയ്ക്കു മേലുള്ള അമിത ആശ്രിതത്വം രാജ്യത്തെ കൂടുതല്‍ കടത്തിലേക്കു നയിക്കുകയാണെന്നും ഇന്ത്യയും ജപ്പാനും അടക്കമുള്ള വിദേശരാഷ്ട്രങ്ങളുടെ സഹായം തങ്ങള്‍ക്കുണ്ടാകണമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീലങ്കയിലെ തെക്കന്‍ തീരത്തുള്ള ഹംബന്‍തോട്ട തുറമുഖം ചൈനയിലെ മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ്‌സ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയത്. 99 വര്‍ഷത്തേക്കാണ് പാട്ടത്തിനു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതുവഴി ശ്രീലങ്കന്‍ സര്‍ക്കാരിന് 1.1 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്നു വാഗ്ദാനമുണ്ടായിരുന്നെങ്കിലും പദ്ധതി ഇപ്പോള്‍ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണെന്ന് വിക്രമസിംഗെ പറഞ്ഞു. രാജ്യത്തെ നിര്‍മാണ പ്രവൃത്തികള്‍ക്കായി ചൈനയുടെ നിക്ഷേപത്തെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ അവര്‍ തങ്ങള്‍ക്കുമേല്‍ അമിതസ്വാധീനം പുലര്‍ത്തുന്നതായും ശ്രീലങ്കയ്ക്കു പരാതിയുണ്ട്.
'വിദേശത്തുനിന്നു വിശാലാര്‍ഥത്തിലുള്ള നിക്ഷേപമാണു തങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിന് ആദ്യഘട്ടത്തില്‍ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് നിക്ഷേപകര്‍ എത്തേണ്ടതുണ്ട്. അവരെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍നിന്നും ആളെത്തും. യൂറോപ്പില്‍നിന്നടക്കം രാജ്യത്തേക്കു നിക്ഷേപകര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത് .'-അഭിമുഖത്തില്‍ വിക്രമസിംഗെ വ്യക്തമാക്കി. 'ജപ്പാന്‍ കൊളംബോ തുറമുഖത്തെ പ്രവൃത്തികളില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നാവിക താവളമായിരുന്ന വികസനം കുറഞ്ഞ കിഴക്കന്‍ തീരങ്ങളിലും നിക്ഷേപമിറക്കാന്‍ അവര്‍ സന്നദ്ധരാണ്. ഹംബന്‍തോട്ട തുറമുഖത്ത് നിക്ഷേപമിറക്കാന്‍ ഇന്ത്യന്‍ വ്യവസായികളും താല്‍പര്യം അറിയിച്ചിട്ടുണ്ട്.'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."