ആറന്മുളയിലെ നിലപാടെന്തേ സി.പി.എം കീഴാറ്റൂരില്‍ സ്വീകരിക്കാത്തത് ? പി.കെ കൃഷ്ണദാസ്
കണ്ണൂര്‍: പരിസ്ഥിതി സംരക്ഷിക്കാന്‍ ആറന്മുളയില്‍ സ്വീകരിച്ച നിലപാട് എന്താണ് സി.പി.എം കീഴാറ്റൂരില്‍ സ്വീകരിക്കാത്തതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. അവിടെ 250 ഭൂഉടമകളും ഭൂമി വിമാനത്താവളത്തിനായി വിട്ടുകൊടുക്കാന്‍ തയാറായിട്ടും അവരുടെ താല്‍പര്യമല്ല, പരിസ്ഥിതിയുടെ സംരക്ഷണമാണ് വലുതെന്നു പറഞ്ഞല്ലേ സി.പി.എമ്മും വിമാനത്താവള വിരുദ്ധ സമരത്തില്‍ പങ്കെടുത്ത്. കീഴാറ്റൂരില്‍ എങ്ങനെയാണ് ഭൂഉടമകളുടെ താല്‍പര്യത്തിനൊത്ത് സി.പി.എം നിലപാട് മാറ്റിയത്. കണ്ണൂരില്‍ ഒരു നയവും ആറന്മുളയില്‍ മറ്റൊരു നയവുമാണോ പരിസ്ഥിതി വിഷയത്തില്‍ സി.പി.എമ്മിന്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ബി.ജെ.പിയുടേത്. കണ്ണൂര്‍ ബൈപ്പാസ് വിഷയത്തില്‍ നെല്‍വയിലൂടെയുള്ള ബദല്‍ അലൈന്റ്‌മെന്റിന് അനുമതി ലഭിച്ചിട്ടില്ല. ബദല്‍ അലൈന്‍മെന്റ് എന്നത് ബി.ജെ.പി മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂര്‍ ബൈപ്പാസിന്റെ പ്രവൃത്തി നിര്‍ത്തിവച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. സ്വന്തം ജില്ലയിലെ നാലര കിലോമീറ്റര്‍ റോഡ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. സി.പി.എം കീഴാറ്റൂരില്‍ കര്‍ഷക താല്‍പര്യത്തിനൊപ്പമല്ല, കച്ചവട താല്‍പര്യത്തിനൊപ്പമാണ്. മലപ്പുറത്തെ ഭൂമി ഏറ്റെടുക്കല്‍ വിഷയം സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കകയാണ്. കീഴാറ്റൂരിലെ കര്‍ഷകരോട് വിഷയം ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് സര്‍ക്കാരിന് മടിയും ഭയമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി തളിപ്പറമ്പ് ഭാഗങ്ങളിലെ കുന്നുകളും മലകളും വില്‍പ്പന നടത്തിയത് സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. രഞ്ചിത്ത്, പി. സത്യപ്രകാശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."