കൊച്ചി നഗരസഭ മേയര്‍ക്കെതിരേ കൗണ്‍സിലില്‍ കൈയേറ്റ ശ്രമം
കൊച്ചി: കൊച്ചി നഗരസഭ മേയര്‍ക്കെതിരേ കൈയേറ്റ ശ്രമം. ഇന്നലെ നടന്ന ബജറ്റ് പാസാക്കല്‍ ചര്‍ച്ചക്കിടെയാണ് മേയര്‍ക്ക് നേരെ വനിതാ കൗണ്‍സിലറുടെ അതിക്രമമുണ്ടായത്. ബജറ്റ് പാസാക്കി കൗണ്‍സില്‍ ഹാളില്‍ നിന്നു ചേംബറിലേക്കു മടങ്ങിയ മേയര്‍ സൗമിനി ജെയിനെ തടയാന്‍ ശ്രമിച്ച സി.പി.എം കൗണ്‍സിലര്‍ സുനില സെല്‍വന്‍ മേയര്‍ അണിഞ്ഞിരുന്ന ഔദ്യോഗിക ഗൗണ്‍ പിടിച്ചു വലിക്കുകയായിരുന്നു. അതില്‍ നിന്നു രക്ഷപെട്ടു ചേംബറിലെത്തിയ മേയര്‍ക്കു പിന്നാലെ സുനിലയും എത്തിയെങ്കിലും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിരോധം തീര്‍ത്തു. തുടര്‍ന്നു ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ചേംബറിലും വാക്കേറ്റമായി. മേയര്‍ക്കു നേരെയുള്ള കൈയ്യേറ്റ ശ്രമത്തിനു സാക്ഷിയായ ബി.ജെ.പി കൗണ്‍സിലര്‍ സുധ ദിലീപ് കുമാറും മേയര്‍ക്കൊപ്പം നിന്നു.
സംഭവമറിഞ്ഞെത്തിയ പൊലിസ് മേയറില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മേയറോട് അപമര്യാദയായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ കൂട്ടായി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ നേതാക്കളും സുനിലയും മേയറുടെ ചേംബറിലെത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നു പരാതി നല്‍കുന്നത് ഒഴിവാക്കി.
ഇതിനിടെ വോട്ടിനിടാതെ ബജറ്റ് പാസാക്കിയതിനെതിരേ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കുമെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."