ഭര്‍ത്താവിന്റെ പരാതിയില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ തുണയായി: പ്രസവത്തിനെത്തിച്ച യുവതിക്ക് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് പരാതി
അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച യുവതിക്ക് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് പരാതി. ഭര്‍ത്താവ് ആരോഗ്യവകുപ്പു മന്ത്രിയോട് ഫോണില്‍ വിവരങ്ങള്‍ ധരിപ്പിച്ചു. വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പറാലില്‍ വീട്ടില്‍ എ. അനസിന്റെ പരാതിയെതുടര്‍ന്നായിരുന്നു ഇടപെടല്‍. അനസിന്റെ ഭാര്യ നജിതയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇരവരും ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയവേണ്ടിവരുമെന്നും ഇതിനായി എ.ബി നെഗറ്റീവ് രക്തം കരുതണമെന്നും അനസിനെ അറിയിച്ചു.
ഉടന്‍ ബ്ലഡ്ബാങ്കില്‍ എത്തിയെങ്കിലും ഈ ഗ്രൂപ്പില്‍പ്പെട്ട രക്തം സ്റ്റോക്കില്ലെന്നു പറഞ്ഞു. ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെയും റോഡ് സേഫ്ടി അതോറിറ്റിയുടെയും പ്രവര്‍ത്തകനാണെന്നും നിരവധിതവണ ഇവിടെ രക്തം ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ സൂപ്രണ്ടുമായി സംസാരിക്കാമെന്നു പറഞ്ഞിറങ്ങിയ അനസിനോട് സൂപ്രണ്ടിന്റെ രക്തം എ.ബി നെഗറ്റീവ് അല്ലെന്നുപറഞ്ഞ് തന്നെ അവഹേളിച്ചെന്നും അനസ് പറഞ്ഞു.
പിന്നീട് ഇതേ ഗ്രൂപ്പില്‍പ്പെട്ട രക്തദാതാക്കളെ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും നജിത പ്രസവിച്ചു. തുടര്‍ന്ന് നജിതയ്ക്ക് രക്തസമ്മര്‍ദ്ദം കുറയാതിരുന്നതിനാല്‍ അടിയന്തിരമായി ഒരു മരുന്നു ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഈ മരുന്നു സൗജന്യമായി ലഭിക്കുമെന്നും പറഞ്ഞു. പിന്നീട് ആശുപത്രിയിലെ വിവിധയിടങ്ങളിലെ മൂന്നോളം കൗണ്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ക്യൂനിന്ന് പലരുടെയും ഒപ്പും സീലും തരപ്പെടുത്തി സ്റ്റോറിലെത്തിയപ്പോള്‍ മരുന്ന് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് പുറത്തെ മെഡിക്കല്‍ഷോപ്പില്‍ അന്വേഷിച്ച് ഒരു രൂപമാത്രം വിലയുള്ള മരുന്ന് എത്തിച്ചുനല്‍കുകയായിരുന്നു. എന്നാല്‍ നജിതയുടെ രക്തസമ്മര്‍ദ്ദത്തിന് മാറ്റമുണ്ടായില്ല. ഇതേതുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് രാവിലെ ആവശ്യപ്പെട്ടിട്ടും വൈകിട്ട് നാലു മണിക്കുശേഷവും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍വേണ്ട നടപടി ഉണ്ടായില്ലെന്ന് അനസ് പറഞ്ഞു.
ഈ ഘട്ടത്തിലാണ് അനസ് മന്ത്രിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് മന്ത്രി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കണമെന്ന് അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."