ജലസ്രോതസുകളുടെ സംരക്ഷണം: മീനച്ചില്‍ തോട് ശുചീകരിച്ച് റസി. അസോസിയേഷന്‍
പാലാ: നാടിന് ദാഹജലമേകുന്ന പ്രകൃതി സമ്പത്തുകളായ പൊതുജലാശയങ്ങള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കുകയെന്ന സന്ദേശം ഉണര്‍ത്തി ഗ്രാമവാസികളുടെ സന്നദ്ധ സേവനം മാതൃകയായി.
മീനച്ചിലാറിന്റെ പ്രധാ കൈവഴികളിലൊന്നായ മീനച്ചില്‍ തോടിന്റെ സംരക്ഷണത്തിനായി മീനച്ചില്‍ ഹൈവേ റസിഡന്റ്്‌സ് അസോസിയേഷന്‍, ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയസംഘം പ്രവര്‍ത്തകരാണ് രണ്ടുനാളത്തെ അധ്വാനത്തിലൂടെ തോട് ശുചീകരിച്ചത്. തോടിന്റെ മീനച്ചില്‍ വായനശാല ജംങ്ഷന്‍ മുതല്‍ മുതല്‍ കുറ്റില്ലം പാലം വരെയുള്ള അര കിലോമീറ്ററോളം ഭാഗത്തെ മാലിന്യങ്ങള്‍ കോരി മാറ്റിയ സന്നദ്ധ പ്രവര്‍ത്തകര്‍ തോട്ടിലെ സ്വാഭാവിക നീരൊഴുക്കു തടസപ്പെടുത്തുന്ന മണ്‍കൂനകള്‍ നിരപ്പാക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് മറ്റ് മാലിന്യങ്ങള്‍ കത്തിച്ച് തോട് ശുചിയാക്കിയ റസിഡന്റ്‌സ്, സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ തോട് സംരക്ഷണം സംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇതര സന്നദ്ധ സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും ശക്തമായ സന്ദേശമാണ് പകര്‍ന്ന് നല്‍കിയത്.
മീനച്ചില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. മാത്യു മുതുകാടന്‍, ജോസ് പടിഞ്ഞാറെമൂഴി, ഷാജി മാത്യു തകടിയേല്‍, ഫ്രണ്ട്‌സ് സ്വാശ്രയസംഘം ഭാരവാഹികളായ സിബി ഓടക്കല്‍, സതീഷ് വളയത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടുനാള്‍ നീണ്ട തോട് ശുചീകരണം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."