ബംഗളൂരു- മൈസൂരു പാതയില്‍ വീണ്ടും ആക്രമണം: കെ.എസ്.ആര്.ടി.സിയുടെ ചില്ല് തകര്‍ത്തു
കോഴിക്കോട്: ബംഗളൂരു- മൈസൂരു പാതയില്‍ കേരളാ വാഹനങ്ങള്‍ക്കു നേരെയുള്ള ആക്രമണം വീണ്ടും. കെ.എസ്.ആര്.ടി.സിക്കു നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായിരിക്കുന്നത്.
തൊട്ടില് പാലത്തുനിന്ന് ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്.ടി.സി സൂപ്പര്‍ എക്സ്പ്രസ് ബസിനുനേരെയാണ് ആക്രമണമുണ്ടായത്. ജീപ്പില്‍ എത്തിയ സംഘം ബസിനുനേരെ കല്ലെറിയുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി ബംഗളൂരു-മൈസൂരു ചന്നപട്ടണയിലായിരുന്നു സംഭവം.
ചൊവ്വാഴ്ച രാവിലെയാണ് തൊട്ടില് പാലം ഡിപ്പോയില്‍ നിന്ന് ബസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കുട്ട വഴി തിരിച്ചെത്തുന്ന ബസിനുനേരെയാണ് കല്ലേറുണ്ടായത്. ബംഗളൂരു ഹൈവേയില്‍ വച്ച് ഇതിനുമുമ്പും നിരവധി കേരളാ വാഹനങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
സംഭവത്തേത്തുടര്‍ന്ന് രാവിലെ ഒന്‍പതിന് തൊട്ടില് പാലത്തുനിന്നു ബംഗളൂരുവിലേക്ക് നടത്തേണ്ടിയിരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി തൊട്ടില് പാലം ഡിപ്പോ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."