പഠനം ലക്ഷ്യം കാണാന്‍
അന്തര്‍ദേശീയ നിലവാരത്തിലുള്ള പാഠ്യപദ്ധതികളും പഠനരീതികളും കൊണ്ട് വിദ്യഭ്യാസ മേഖല സമ്പുഷ്ടമാണ്. സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനം ലഭ്യമാവുന്ന എല്ലാ അവസരങ്ങളും അനുകൂല സാഹചര്യങ്ങളും ഇന്നുണ്ട്. 6 മുതല്‍ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും തീര്‍ത്തും സൗജന്യ വിദ്യഭ്യാസം ലഭിക്കുക എന്നുള്ളത് മൗലികാവകാശമായി ഭരണഘടന പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് വിദ്യഭ്യാസ രംഗത്ത് ഒട്ടനവധി പരിഷ്‌കാരങ്ങളും സൗജന്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ),മോഡല്‍ സ്‌കൂള്‍ സ്‌കീം, നാഷനല്‍ മീന്‍സ് കം - മെറിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം, സൗജന്യ ഉച്ചഭക്ഷണം, അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
സ്വകാര്യ ,സി.ബി.എസ്.സി സ്‌കൂളുകളും വിദ്യഭ്യാസ രംഗത്തെ കുതിച്ച് ചാട്ടങ്ങള്‍ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യ വിദ്യാലയങ്ങള്‍ പൊതുവിദ്യാലയങ്ങളേക്കാള്‍ എന്ത് കൊണ്ട് മുന്നേറ്റം നടത്തുന്നു എന്ന് പരിശോധിച്ചാല്‍ ഒന്നാമത്തെ കാര്യം നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം തന്നെയാണ്. മികവുറ്റ സേവനങ്ങള്‍ ലഭിക്കുന്നിടത്തേക്കാണല്ലോ കൂടുതല്‍ ജനശ്രദ്ധപതിയുന്നത്. ഈ ബിസിനസ് തന്ത്രം മനസ്സിലാക്കി, സ്ഥാപനം ഉന്നത നിലവാരം കൈവരിക്കാനും പ്രദേശത്തെ പേരെടുത്ത വിദ്യഭ്യാസ കേന്ദ്രമാവാനുമൊക്കെയുള്ള ലക്ഷ്യപൂര്‍ത്തീകരണങ്ങള്‍ക്കായി മാനേജ്‌മെന്റ് നടപ്പാക്കുന്ന പല പദ്ധതികളുടേയും അന്തസത്ത യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ ഉപകാരപ്രദമാകുന്നത്. വിദ്യാര്‍ഥികളെ പഠനത്തില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാനും സബ്ജക്ടുകളിലെ ഏറ്റവും പുതിയ വിശകലനങ്ങള്‍ പകര്‍ന്ന് കൊടുക്കാനും ഉയര്‍ന്ന വിദ്യഭ്യാസയോഗ്യതയുള്ള അധ്യാപകര്‍ക്ക് സാദ്ധ്യമാവുന്നു. കൂടാതെ ചിട്ടയായ പഠനക്രമവും അച്ചടക്ക പരിശീലനങ്ങളും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാവുന്ന അമൂല്യമായ സ്വഭാവഗുണങ്ങളാണ്. എന്നാല്‍ പ്രധാനപ്പെട്ട ഒരു അപര്യാപ്തത, ഇത്തരം ചില സ്ഥാപനങ്ങളില്‍ മാതൃഭാഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ല എന്നതാണ്. ആംഗലഭാഷ ലോകഭാഷയാണെങ്കിലും അവനവന്‍ ഭൂജാതനായ മണ്ണിന്റെ ഭാഷ തള്ളിക്കളയേണ്ടതില്ലല്ലോ. ക്ലാസ്മുറിയില്‍ ഒരു മലയാളം വാക്ക് ഉച്ചരിച്ചതിന് 250 രൂപ പിഴയിട്ട ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെയൊക്കെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല,ന്യായീകരിക്കുകയുമരുത്. എന്നാല്‍ ഭാഷകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ സമ്മിശ്രമായി കൊണ്ട് പോകുന്ന സ്വകാര്യ സ്‌കൂളുകളും ധാരാളമുണ്ടെന്നുള്ളത് പ്രതീക്ഷാര്‍ഹമാണ്.
വിദ്യഭ്യാസ മേഖലയിലെ ചിലപരാജയങ്ങള്‍ക്ക് കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്് രക്ഷിതാക്കളുടെ അഭിരുചികള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. എന്‍ട്രന്‍സില്‍ സീറ്റ് ലഭിക്കാത്ത ഒരു വിദ്യാര്‍ഥിനി മാനഹാനിയും രക്ഷിതാക്കളുടെ പീഡനവും ഭയന്ന് ജീവനൊടുക്കിയ സംഭവം മറക്കാറായിട്ടില്ല. ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ആ ലക്ഷ്യപ്രാപ്തിയിലെത്താനുള്ള വഴി കാണിക്കുക, അതിന് സഹായിക്കുക എന്നതായിരിക്കണം രക്ഷിതാക്കളുടെ നിലപാട്. ഒരു ഹോമിയോ ഡോക്ടറുടെ വിദ്യഭ്യാസ രംഗത്തുള്ള വീക്ഷണം ഇവിടെ പങ്കുവെക്കട്ടെ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍, പരീക്ഷാ കൗണ്‍സിലിംഗുകള്‍, യോഗ - സ്ട്രസ് റിലീസ് ക്ലാസ്സുകള്‍ തുങ്ങിയവയില്‍ വ്യാപൃതനായിരിക്കുകയാണ് 72 കാരനായ ഈ ഡോക്ടര്‍ ഒരനുഭവം പറഞ്ഞു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് പ്രിന്‍സിപ്പല്‍ അദ്ദേഹത്തോട് പറഞ്ഞു, സൗകര്യാര്‍ത്ഥം സയന്‍സ് ഗ്രൂപ്പിനും കോമേഴ്‌സ് ഗ്രൂപ്പിനും ഒരുമിച്ചാണ് ക്ലാസ്സെടുക്കേണ്ടത്. പക്ഷേ സയന്‍സ് കുട്ടികളാണ് മികച്ചവര്‍ എന്ന അപകര്‍ഷതാ ബോധം കോമേഴ്‌സ് കുട്ടികളെ ബാധിച്ചിട്ടുണ്ട്. സാര്‍ അതൊന്ന് കണക്കിലെടുക്കണം. ഒ.കെ പറഞ്ഞ് അദ്ദേഹം ക്ലാസ്സ് തുടങ്ങി. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചാല്‍ ഒരു ഡോക്ടര്‍ക്ക് തുടക്കത്തില്‍ തന്നെ അറുപതിനായിരം രൂപയാണ് ശമ്പളം. മാത്രമല്ല, നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും ഒരു രോഗിക്ക് അപ്രതീക്ഷിതമായി വല്ലതും സംഭവിച്ചാല്‍ ആദ്യം ഡോക്ടറെയാണ് പഞ്ഞിക്കിടുന്നത്. പക്ഷേ ഒരു നല്ല ചാര്‍ട്ടേഡ് എക്കൗണ്ടന്റിന് ഇന്ത്യയില്‍ തന്നെ ഒന്നര ലക്ഷത്തോളം ശമ്പളം തുടക്കത്തില്‍ തന്നെ കിട്ടുന്നു. വിദേശ രാഷ്ട്രങ്ങളിലാകട്ടെ മൂന്ന് ലക്ഷം മുതല്‍ സി.എ ക്കാര്‍ക്ക് ലഭിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം, ഏത് മേഖലകള്‍ തിരഞ്ഞെടുത്താലും അതില്‍ ഉന്നത സ്ഥാനത്തെത്താന്‍ പരിശ്രമിച്ചാല്‍ കഴിയും.
ഈ കാര്യങ്ങളൊക്കെ അവതരിപ്പിക്കുമ്പോള്‍ കോമേഴ്‌സ് കുട്ടികളുടെ മുഖത്തെ വിഷാദഭാവം ക്രമേണ മായുന്നതും ഒരു സന്തോഷവും കോണ്‍ഫിഡന്‍സുമൊക്കെ ആ കുട്ടികളുടെ വദനങ്ങളില്‍ തെളിയുന്നതും ക്ലാസ്സിനിടയില്‍ വീക്ഷിച്ചിരുന്നതായും ആ ഒരു മാറ്റമായിരുന്നു തന്റെ ക്ലാസ്സിന്റെ ലക്ഷ്യമെന്നും ഹോമിയോ ഡോക്ടര്‍ വിശദീകരിച്ചു.
മധ്യവേനലവധി സമാഗതമായിരിക്കുകയാണല്ലോ. അടുത്ത വര്‍ഷത്തേക്കുള്ള പഠനത്തിന് മനസ്സ് പൂര്‍ണ്ണമായും സജ്ജമാക്കാനാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന അവധിക്കാലം കുട്ടികള്‍ക്ക് നല്‍കുന്നത്. ഗവണ്‍മെന്റ് അവധിക്കാലത്ത് സ്‌കൂളുകളില്‍ അധ്യാപകര്‍ ക്ലാസ്സെടുക്കരുതെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടിന്റെ ഉത്തരവുകളില്‍ നിന്നും മനസ്സിലാവുന്നു. പക്ഷേ, മാനസികോല്ലാസത്തിന് നല്‍കിയ ഈ അവധിക്കാലം ഇടതടവില്ലാത്ത ട്യൂഷനുകള്‍ക്കും ക്ലാസ്സുകള്‍ക്കും വേണ്ടി വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് അയക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടിക്ക് പഠിക്കണം എന്ന ബോധത്തേക്കാള്‍ കൂടുതലുണ്ടാകുന്നത് രക്ഷിതാക്കളോടും അധ്യാപകരോടുമുള്ള അമര്‍ഷമായിരിക്കും എന്നുള്ളതാണ് വസ്തുത. നാടുനീളെയുള്ള ട്യൂഷന്‍ സെന്ററുകളും മറ്റ് അവധിക്കാല കോഴ്‌സുകളും വിദ്യാര്‍ഥികളുടെ ഉന്നമനത്തിനും അതോടൊപ്പം തന്നെ ട്യൂഷന്‍ സെന്ററുകാരുടെ ഉപജീവനത്തിനുമുള്ള മാര്‍ഗങ്ങളാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്. ഈ രൂപത്തിലുള്ള പീഡിത പഠനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക എന്ന് ആനുകാലിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും തയ്യാറാക്കിക്കൊടുത്തിട്ടും വേണ്ടത്ര മികവ് കാട്ടാത്തതും ഉദ്ദേശ ലക്ഷ്യങ്ങളിലെത്താത്തതുമായ വിദ്യാര്‍ഥികള്‍ വിരളമല്ല. മറിച്ച് വളരെ പരിമിതമായ സൗകര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും പഠിച്ച് വളര്‍ന്ന വിദ്യാര്‍ഥികള്‍ ഉന്നതസ്ഥാനങ്ങള്‍ കൈവരിച്ചതും ഉദ്ധരിക്കാനുണ്ട്. ഡോ: എ.പി.ജെ അബ്ദുല്‍ കലാം ഇതിനുദാഹരണമാണ്.
ഓരോ വിദ്യാര്‍ഥിയിലും അന്തര്‍ലീനമായിരിക്കുന്ന അഭിരുചികള്‍ കണ്ടെത്തി വളരുവാനുള്ള ഭൗതിക ഘടകങ്ങള്‍ ഒരുക്കിക്കൊടുക്കലാണ് ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം. ചിട്ടയായ പഠനങ്ങളും അത് സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കലുമാണ് വിദ്യാര്‍ഥിയുടെ കടമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."