തീരദേശങ്ങളില്‍ വീടുകള്‍ക്ക് താല്‍ക്കാലിക വീട്ടുനമ്പറുകള്‍ നല്‍കുന്ന കാര്യം പരിശോധിക്കും: മന്ത്രി
തിരുവനന്തപുരം: തീരദേശങ്ങളില്‍ നിലവിലുള്ള വീടുകള്‍ക്ക് താല്‍ക്കാലിക വീട്ടു നമ്പരുകള്‍ നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ നിയന്ത്രണ വിഞ്ജാപനത്തില്‍ തീരദേശ വാസികള്‍ക്കുണ്ടാകുന്ന ദുരിതം പരിഹരിക്കാനായി ദൂരപരിധിയില്‍ ഇളവ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
കായല്‍ തീരങ്ങളില്‍ നിലവിലെ 50 മീറ്റര്‍ ദൂരപരിധി 10 മീറ്ററായി ചുരുക്കുന്നതിനും തീരദേശത്ത് നിലവിലെ 100 മീറ്റര്‍ പരിധി 50 ആക്കി ചുരുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക് അയക്കുന്ന കാര്യം പരിശോധിക്കും.
വീട് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളെ മറികടന്ന് താല്‍ക്കാലിക അനുമതി നല്‍കാന്‍ കഴിയില്ല. അതേ സമയം, നിലവിലുള്ള വീട് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. 6,724 അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 5,123 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതികള്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയക്ടറേറ്റിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ചീഫ് സയന്റിസ്റ്റ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് എന്നിവരുടെയും സഹായത്തോടെയാണ് തീര്‍പ്പുകല്‍പ്പിക്കുന്നത്. തീരദേശത്തെ വരള്‍ച്ചയോടനുബന്ധിച്ചുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."