വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഒച്ചിഴയും വേഗം
മലപ്പുറം: അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിനുള്ള സംസ്ഥാന അഴിമതി നിരോധന ബ്യൂറോയുടെ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നു. സര്‍ക്കാര്‍ പൊതുസേവകര്‍ക്കിടയിലെ അഴിമതി നിയന്ത്രിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമുള്ള ഏജന്‍സിയുടെ പ്രവര്‍ത്തനമാണ് മന്ദഗതിയിലായിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പരിഗണനയിലുണ്ടായ കേസുകളില്‍ പകുതി മാത്രമാണ് ഇതുവരെ തീര്‍പ്പാക്കാനായത്്. 2016-17 വര്‍ഷാരംഭത്തില്‍ സംസ്ഥാനത്താകെ 147 വിജിലന്‍സ് അന്വേഷണങ്ങളായിരുന്നു പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്.
ഇതുകൂടാതെ സര്‍ക്കാര്‍ തീരുമാനപ്രകാരം 75 റഫറന്‍സുകളും ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച 222 വിജിലന്‍സ് കേസുകളില്‍ 104 കേസുകളുടെ അന്വേഷണം മാത്രമാണ് പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മറ്റുള്ള 118 വിജിലന്‍സ് അന്വേഷണങ്ങളില്‍ പലതും നടപ്പ് സാമ്പത്തിക വര്‍ഷത്തിലും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 186 രഹസ്യാന്വേഷണങ്ങള്‍ നടത്താനാണ് പുതുതായി ഉത്തരവുണ്ടായിരുന്നത്. നേരത്തെ പൂര്‍ത്തിയാക്കാനുണ്ടായിരുന്ന 102 രഹസ്യാന്വേഷണങ്ങള്‍ ഉള്‍പ്പെടെ 288 കേസുകളില്‍ 231 എണ്ണത്തിന്റെ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
മുന്‍വര്‍ഷം പൂര്‍ത്തിയാകാതെ പോയ 57 രഹസ്യാന്വേഷണങ്ങളാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പരിഗണിക്കുന്നത്.
2016 മാര്‍ച്ച് 31ന് ബ്യൂറോയില്‍ 561 കേസുകള്‍ നിലവിലുണ്ടായിരുന്നു. ഇതുകൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രാപ്പ് കേസുകള്‍ ഉള്‍പ്പെടെ 351 പുതിയ വിജിലന്‍സ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ ആകെയുള്ള 912 കേസുകളില്‍ 180 കേസുകളുടെ അന്വേഷണം മാത്രമാണ് പൂര്‍ത്തിയാക്കി വസ്തുതാ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയത്. ബ്യൂറോയില്‍ ബാക്കിയായ 732 കേസുകള്‍ ഈ സാമ്പത്തിക വര്‍ഷം പരിഗണിച്ചെങ്കിലും നൂറുകണക്കിന് കേസുകളില്‍ ഇനിയും റിപ്പോര്‍ട്ട് തയാറായിട്ടില്ല.
അഴിമതിക്കെതിരേ ശക്തമായ നിലപാട് എടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരിനു അഴിമതി കുറയ്ക്കാന്‍ കഴിയുന്നില്ലെന്നാണ് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."