മലപ്പുറത്ത് ഏഴ് ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി
കൊണ്ടോട്ടി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ജൈവ വളത്തിന്റെ മറവില്‍ കടത്തിയതുള്‍പ്പെടെ അത്യുഗ്ര ശേഷിയുള്ള ഏഴ് ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പൊലിസ് പിടികൂടി. ലോറിയില്‍ നിന്നും മോങ്ങത്തെ ഗോഡൗണില്‍ നിന്നുമായാണ് ഇവ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കാസര്‍കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40), കര്‍ണാടക സ്വദേശി ഹക്കീം(32)എന്നിവരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റു ചെയ്തു. ലോറി കസ്റ്റഡിയിലെടുത്ത പൊലിസ് ഗോഡൗണ്‍ ഉടമക്കായി അന്വേഷണവും തുടങ്ങി.
മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ രഞ്ജിത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയ പാത 213ല്‍ മോങ്ങത്ത് വച്ച് കര്‍ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 10,000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6,750 കിലോ ജലാറ്റിന്‍ സ്റ്റിക് (54,810 എണ്ണം), 38,872.5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തത്. 75 ജൈവവള ചാക്കുകള്‍ക്ക് ചുറ്റും മറച്ചുവച്ചാണ് ഇവ ലോറിയില്‍ കടത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോങ്ങം അങ്ങാടിക്ക് സമീപത്തെ ഗോഡൗണിലേക്കാണ് സ്‌ഫോടക വസ്തുക്കളെന്ന് ബോധ്യമായത്. തുടര്‍ന്ന് സി.ഐ മുഹമ്മദ് ഹനീഫയും സംഘവും മോങ്ങത്തെ മര ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നടത്തിയ പരിശോധനയിലും വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. ഇവിടെ നിന്ന് എഴ് പെട്ടികളിലായി 7,000 ഇലക്ട്രിക് ഡിറ്റനേറ്ററും, 21,045 മീറ്റര്‍ നീളത്തില്‍ 115 റോള്‍ സേഫ്റ്റി ഫ്യൂസും കണ്ടെത്തി. രണ്ടിടങ്ങളില്‍ നിന്നുമായി ഏഴ് ടണ്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചിരിക്കുന്നത്. ഇവയുടെ പോസ്റ്റര്‍ പെട്ടികളില്‍ നിന്ന് നീക്കം ചെയ്ത നിലയിലാണ്. മലപ്പുറം മേല്‍മുറി സ്വദേശി ബാസിത് എന്നയാളുടെ ഉടമസ്ഥതയിലാണ് മരങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മലപ്പുറം ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു.
കോട്ടയം സ്വദേശിക്ക് ഇയാള്‍ വാടക്ക് നല്‍കിയിരുന്നെങ്കിലും ഒരുമാസം മുമ്പ് ഉടമ തിരികെ വാങ്ങിയിരുന്നു. ഇയാള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരിങ്കല്ല് ക്വാറികളിലും മറ്റും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരം സംസ്ഥാനത്ത് പിടികൂടുന്നത് ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. പിടികൂടിയ സ്‌ഫോടക വസ്തു ശേഖരം ജില്ലയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കോടതി നിര്‍ദേശത്തില്‍ മറ്റൊരിടത്തേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."