മാതൃ-ശിശു സംരക്ഷണം; വെട്ടിക്കുറച്ച വിഹിതം പുന:സ്ഥാപിക്കണമെന്നു മന്ത്രി
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വിസസ് (ഐ.സി.ഡി.എസ്) പദ്ധതി മുഖേന കേരളത്തില്‍ നടപ്പാക്കുന്ന മാതൃ ശിശു സംരക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
ഡല്‍ഹിയില്‍ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യമഭ്യര്‍ഥിച്ചത്.
മാതൃ ശിശു സംരക്ഷണ പദ്ധതി പ്രകാരം കേരളത്തില്‍ 33,000 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുതിയ കേന്ദ്ര തീരുമാനം ഇവയുടെ നടത്തിപ്പിനുതന്നെ ബുദ്ധിമുട്ടായിരിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശൈലജ ടീച്ചര്‍ പറഞ്ഞു. അങ്കണവാടികളുടെ ഐ.സി.ഡി.എസ് പദ്ധതിയുടെ കേന്ദ്ര വിഹിതം 60:40 ശതമാനത്തില്‍ നിന്ന് 25:75 ആക്കി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കണമെന്ന് ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.
ഇത് കാരണം കേരളത്തിന് 77 കോടി രൂപ അധികം ബാധ്യതയാണുണ്ടാക്കുന്നത്.വരും വര്‍ഷങ്ങളിലും ഈ ഇനത്തില്‍ അധിക ബാധ്യത സംസ്ഥാന സര്‍ക്കാറിനുമേല്‍ വരും. ഇതു അങ്കണവാടികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."